തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച ഇൻ്റർവ്യൂവിന് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇൻ്റർവ്യൂവിന് പങ്കെടുക്കാൻ കഴിയാതെ പോകുന്നവർക്ക് മറ്റൊരവസരം നൽകുന്നതാണെന്നും കേരളാ പി.എസ്.സി അറിയിച്ചു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച ആരംഭിക്കാനിരുന്ന എച്ച്.ഡി.സി & ബി.എം പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 31, ഓഗസ്റ്റ് 2 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം.പി അറിയിച്ചു. മലപ്പുറം, തൃശൂർ ജില്ലകളിൽ ഓഗസ്ത് 2 വരെ നടത്താൻ നിശ്ചയിച്ച അഭിമുഖങ്ങളെല്ലാം മാറ്റിവച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെ അഭിമുഖത്തിന് മാറ്റമില്ല.
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തൃശൂർ, പത്തനംതിട്ട, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ വയനാട്ടിലേക്ക് അനാവശ്യ യാത്ര നടത്തരുതെന്നും അധികൃതരുടെ നിർദേശമുണ്ട്.















