വയനാട്: ഉരുൾപൊട്ടലിൽ കുടുങ്ങിയ ആളുകളെ എയർലിഫ്റ്റ് ചെയ്യാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ എത്തും. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുളള സാദ്ധ്യതകളാകും ഇതിലൂടെ തെളിയുക. എംഐ-17 ,എഎൽഎച്ച് ധ്രുവ് എന്നീ ഹെലികോപ്റ്ററുകളാണ് ദുരന്തമുഖത്തേക്ക് അയച്ചിരിക്കുന്നത്. തമിഴ്‍നാട്ടിലെ കോയമ്പത്തൂരിലുള്ള സുലൂർ എയർ ബേസിൽ നിന്നാണ് ഹെലികോപ്ടറുകൾ അയച്ചതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ഏകോപനത്തിലാണ് രക്ഷാപ്രവർത്തങ്ങൾ നടക്കുന്നത്. 200 സൈനികരും കണ്ണൂരിലെ ഏഴിമല നേവൽ ബേസിൽ നിന്നുള്ള നാവിക സേനാംഗങ്ങളെയും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ആർമി കന്റോൺമെന്റിൽ നിന്ന് 200 ഓളം കരസേനാംഗങ്ങൾ അടങ്ങുന്ന രണ്ട് സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
122TA ബറ്റാലിയൻ ഉച്ചയോടെ വയനാട്ടിലെത്തി രക്ഷാ ദൗത്യം ആരംഭിച്ചിരുന്നു. നാവികസേനയിൽ നിന്നുള്ള 30 മുങ്ങൽ വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഡിഫൻസ് പിആർഒ അറിയിച്ചു. നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ചനടത്തി ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായത്തിനും രക്ഷാപ്രവർത്തനത്തിനും ആവശ്യമായ എല്ലാ സൈനിക സഹായവും ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിരുന്നു.
മീററ്റ് റിമൗണ്ട് വെറ്ററിനറി കോർപ്സ് സെന്ററിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡ് തെരച്ചിലിൽ സഹായിക്കാൻ വയനാട്ടിലെത്തും. വനംവകുപ്പിൻെറ ആളില്ലാ വിമാനവും പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വയനാട്ടിലെ ചൂരൽ മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചയോടെ ഉണ്ടായ ഉരുൾപൊട്ടലുകളിൽ മരണസംഖ്യ 90 കടന്നതായാണ് റിപ്പോർട്ടുകൾ. 250 ൽ അധികംപേർ ഇപ്പോഴും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കനത്ത മഴയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്.