ന്യൂഡൽഹി: ബജറ്റ് വകയിരുത്തിയതിൽ കേന്ദ്രസർക്കാർ പക്ഷപാതം കാണിച്ചുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിൽ ആന്ധ്രയും ബിഹാറും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ബജറ്റ് വിഹിതം വേണ്ടത്ര നൽകിയില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങൾക്കാണ് ധനമന്ത്രി കൃത്യമായ മറുപടി നൽകിയത്.
ഒരു സംസ്ഥാനത്തിന്റെ പേര് പരാമർശിച്ചിട്ടില്ല എന്നതിന്റെ അർത്ഥം ആ സംസ്ഥാനത്തിന് പണം നൽകുന്നില്ല എന്നല്ലെന്ന് സഭയിലെ അംഗങ്ങളോട് വിനയപൂർവം പറയാൻ ആഗ്രഹിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ക്യാമ്പയിൻ ദയവായി നടത്തരുത്. ബജറ്റ് അവതരിപ്പിക്കുമ്പോൾ പേര് പരാമർശിക്കാത്ത സംസ്ഥാനത്തിന് പണം നൽകിയില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാർമശം നിർഭാഗ്യകരമാണെന്നും ധനമന്ത്രി പറഞ്ഞു.
2004-05 മുതലുള്ള ബജറ്റ് അവതരണങ്ങളെല്ലാം പരിശോധിച്ചു. 2004-05 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ 17 സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല. 2006-07 കാലത്തെ ബജറ്റിൽ 16 സംസ്ഥാനങ്ങളെ ഒഴിവാക്കി. 2009ൽ ബിഹാറിനേയും ഉത്തർപ്രദേശിനേയും മാത്രമാണ് പരാമർശിച്ചത്, 26 സംസ്ഥാനങ്ങളുടെ പേര് മിണ്ടിയിട്ടില്ല. യുപിഎ സർക്കാരിനോട് ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. പരാമർശിക്കാത്ത സംസ്ഥാനങ്ങൾക്കൊന്നും നിങ്ങൾ പൈസ കൊടുത്തില്ലായിരുന്നോ? യുപിഎ കാലത്ത് നിങ്ങൾ ചെയ്തിരുന്നപ്പോൾ അത് കുഴപ്പമില്ല, അതേ കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ കുറ്റപ്പെടുത്തുന്നു. അതെങ്ങനെ ശരിയാകും?
നിങ്ങൾക്ക് കാര്യങ്ങളെ വളച്ചൊടിക്കണം, ആളുകൾക്കിടയിൽ ഭയം ജനിപ്പിക്കണം, അതിനാണ് തെറ്റിദ്ധരിപ്പിക്കുന്ന ക്യാമ്പയിൻ പ്രതിപക്ഷം നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് എല്ലാ മേഖലയ്‌ക്കും അധിക വിഹിതമാണ് നൽകിയിട്ടുള്ളതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.