മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ദുരന്ത മേഖലകൾ സന്ദർശിച്ചതിന് ശേഷമായിരുന്നു സന്ദീപ് വാര്യർ കണ്ണീർക്കാഴ്ചകളുടെ തീവ്രത സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജീവതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ് മുൻപിൽ തെളിഞ്ഞതെന്ന് അദ്ദേഹം കുറിച്ചു. ബിജെപിയുടെ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാടിന്റെ ചുമതല വഹിച്ചിരുന്ന നേതാവ് കൂടിയാണ് സന്ദീപ് ജി വാര്യർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
രാവിലെ ആറുമണിയോടെ വയനാട്ടിൽ ഉരുൾ പൊട്ടലെന്ന സ്‌ക്രോളിംഗ് ചാനലുകളിൽ വരാൻ തുടങ്ങി നടന്നത് ചൂരൽമലയിലാണെന്ന വാർത്ത കണ്ടതോടെ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച ഭാരം. പ്രിയപ്പെട്ട സഹപ്രവർത്തകൻ ഷാജി മോന്റെ നാട്. നേരിട്ടറിയാവുന്ന ഒരു പാട് മുഖങ്ങളുള്ള പ്രദേശം . ഷാജിയെ ഫോണിൽ വിളിച്ചു. ‘ സന്ദീപ് ജി, എനിക്ക് ഒന്നും പറ്റിയിട്ടില്ല , പക്ഷേ എന്റെ നാട് ബാക്കിയില്ല ‘ . ഷാജിക്ക് വാക്കുകൾ മുഴുമിക്കാനാകുന്നുണ്ടായിരുന്നില്ല. നൂറുകണക്കിന് പേരെ കാണാനില്ല എന്ന് ഷാജി പറഞ്ഞപ്പോൾ തന്നെ ഗൗരവം മനസ്സിലായി. ചാനലുകളിൽ മരണസംഖ്യ വരുന്നേ ഉണ്ടായിരുന്നുള്ളൂ.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അപ്പോഴേക്കും വിഷയം ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കേന്ദ്രമന്ത്രിമാരാമായ സുരേഷ് ഗോപിയും ജോർജ് കുര്യനും വിഷയത്തിൽ ഗൗരവത്തോടെ ഇടപെട്ടു. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് റസ്‌ക്യൂ മിഷന് വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട റസ്‌ക്യൂ സംഘങ്ങളെ മുഴുവൻ നിമിഷാർദ്ധ നേരം കൊണ്ട് സജ്ജീകരിച്ചു.
സംഭവം ഉണ്ടായ നിമിഷം മുതൽ വയനാട്ടിലെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിന്റെയും കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് സുബിഷിന്റെയും നേതൃത്വത്തിൽ ജില്ലയിലെ ബിജെപി പ്രവർത്തകർ രക്ഷാപ്രവർത്തന രംഗത്ത് സജീവമായി. മേപ്പാടിയിൽ ഹെൽപ്പ് ഡസ്‌കും ജില്ലാ ഓഫിസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ലൈനും സജ്ജമായി. പത്ത് മണിയോടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരിട്ട് സംഭവ സ്ഥലത്തെത്തി. എൻഡിആർഎഫ് ഡപ്യൂട്ടി കമാൻഡന്റുമായി ചർച്ച നടത്തി. ആർമി ഉദ്യോഗസ്ഥരുമായും സേവാ ഭാരതി റസ്‌ക്യൂ മിഷൻ ടീമുമായും അദ്ദേഹം സംസാരിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. സർക്കാർ സംവിധാനങ്ങളുമായി പൂർണമായി സഹകരിച്ച് രക്ഷപ്രവർത്തനത്തിൽ പങ്കാളിയാവാൻ അദ്ദേഹം ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. താഴെ നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരത്ത് മണ്ഡലം പ്രസിഡണ്ട് സുധി ഉപ്പട ഒമ്പതോളം മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആ പ്രദേശത്ത് മുപ്പതോളം മൃതദേഹങ്ങൾ എത്തിയെന്ന് സുധി പറയുന്നു.
വ്യക്തിപരമായി പറഞ്ഞാൽ വയനാട്ടിലേക്ക് ഇന്ന് പുലർച്ചെ ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ്. കണ്ണീർക്കാഴ്ചയാണ്. കണ്ണേ മടങ്ങുക.