താമരശ്ശേരി ചുരം റോഡിലെ രണ്ടാം വളവിൽ വിള്ളലുണ്ടായെന്നും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നും പൊലീസിന്റെ മുന്നറിയിപ്പ്. നേരത്തെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ദുരന്തബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനും തടസിമില്ലാതെ സഞ്ചാര പാതയാെരുക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് തിരിച്ചടിയായി റോഡിൽ വിള്ളലുണ്ടായെന്ന വാർത്തകൾ പുറത്തുവരുന്നത്.
താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ റോഡിലാണ് ചെറിയ വിള്ളൽ രൂപപ്പെട്ടത്. ഈ ഭാഗത്ത് പൊലിസ് റിബൺ കെട്ടിയിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്നും ഭാരമുള്ള വാഹനങ്ങൾ കടത്തിവിടില്ലെന്നും പൊലീസ് അറിയിച്ചു. ഹൈവേ പൊലീസ് സ്ഥലത്തെത്തി യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.















