അബുദബി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്റെ വേദനയിൽ പങ്കുചേർന്ന് യുഎഇയും. വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ് ദുരന്തത്തിൽപെട്ടവരുടെ കുടുംബത്തെയും സർക്കാരിനെയും അനുശോചനം അറിയിച്ചത്.
കേരളത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നെന്ന് വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. പരുക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഒപ്പം കേരളത്തിലുള്ള യുഎഇ പൗരൻമാരോട് ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.
അടിയന്തര സാഹചര്യത്തിൽ 0097180024, 0097180044444 എന്നീ നമ്പറിൽ ബന്ധപ്പെടാനോ ത്വാജുദി സർവീസ് ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 122 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രാത്രിയിൽ മലവെളളപ്പാച്ചിലിൽ മുണ്ടക്കൈയും ചൂരൽമലയും പൂർണമായി തുടച്ചുനീക്കുകയായിരുന്നു.
വൈകീട്ടോടെ ചൂരല്‍മലയില്‍ ആര്‍മിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെയാണ് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളവരെ ചൂരല്‍മലയിലേക്ക് എത്തിച്ചു തുടങ്ങിയത്. അതുവരെ എന്‍.ഡി.ആര്‍.എഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ കഴിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് കൂടി രക്ഷാപ്രവര്‍ത്തകര്‍ കൂറെ ദൂരം പിന്നിട്ടെങ്കിലും കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം അങ്ങോട്ടേക്ക് എത്താന്‍ കഴിഞ്ഞില്ല.
രാവിലെ മുതല്‍ ഹെലികോപ്ടര്‍ വഴി എയര്‍ലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്‌തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായി. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടര്‍ നിരീക്ഷണം തുടങ്ങിയത്.