വയനാട്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ. ദുരിതബാധിതർക്ക് വസ്ത്രങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ടറേറ്റ് റൂമുമായി ബന്ധപ്പെടണമെന്നാണ് കളക്ടർ അഭ്യർത്ഥിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്‌ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. താത്പര്യമുള്ളവർ 8848446621 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദുരന്ത മേഖലയിലെ കുട്ടികൾക്ക് അടിയന്തര സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ചൈൽഡ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്തെ രക്ഷാപ്രവർത്തനം പുലർച്ചെ തന്നെ പുനരാരംഭിച്ചിട്ടുണ്ട്. 151 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രക്ഷാപ്രവർത്തകർക്ക് ഇനിയും പല സ്ഥലങ്ങളിലേക്കും എത്തിച്ചേരാൻ കഴിയാത്തത് വലിയ വെല്ലുവിളിയായി തുടരുന്നുണ്ട്. പാറക്കല്ലുകളും ചെളിയും നിറഞ്ഞ് തകർന്ന നിലയിലാണ് പല വീടുകളും സ്ഥലങ്ങളും. ഇവിടെയെല്ലാം ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്.
ഉയർന്ന പ്രദേശങ്ങളിൽ കയറി നിൽക്കുന്നവരെ ഇനിയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണു കിടക്കുന്നുണ്ട്. ഇതിന്റെ അടിയിലെല്ലാം ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. ഒറ്റപ്പെട്ട മേഖലകളിലേക്ക് സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തും. മെറ്റൽ ഡിറ്റക്ടറുകളും ഇവിടേക്ക് കൂടുതലായി എത്തിക്കും. മണ്ണിനടിയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാനായി പൊലീസ് നായ്‌ക്കളെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തും.