ഉറക്കംപിടിച്ചിരുന്ന അവരെ ക്ഷണനേരം കൊണ്ടാണ് ഭീമൻ ഉരുളെടുത്തത്. എന്നേക്കുമായി ഉണരാത്ത നിദ്രയിലേക്കാണ് മുണ്ടക്കൈ ഗ്രാമം ഉറങ്ങാൻ കിടന്നത്. മരിച്ചവരുടെ എണ്ണം തുടരെ തുടരെ കൂടുകയാണ്. ഇനിയുമേറെ പേരെ കണ്ടുകിട്ടാനുണ്ട്. ഉറ്റവരെ തിരക്കി ബന്ധുക്കളും സുഹൃത്തുക്കളും വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. തിരച്ചിൽ ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിടുമ്പോൾ 130-ലേറെ പേരാണ് മരിച്ചത്. ഇനിയും കണ്ടെത്താനുള്ളത് 210-ലേറെ പേരെയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ 255 ജീവനുകളാണ് ഉരുളെടുത്തത്. 23 വർഷങ്ങൾക്ക് മുൻപാണ് വലിയൊരു ഉരുൾപൊട്ടൽ ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ വെണ്ണിയാനിയിൽ 2001 ജൂലൈ ഒൻപതിനാണ് ഉരുൾപൊട്ടിയത്. തുടരെ ഇരുപതോളം ഉരുളുകളാണ് പൊട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മലയാള മനോരമയുടെ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിനെയും ഉരുളെടുത്തു. നിരവധി പേർ നോക്കി നിൽക്കേ വളരെ പെട്ടന്നായിരുന്നു ഉരുൾപൊട്ടിയത്. പിറ്റേ ദിവസമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം അമ്പൂരിയിൽ 2001 നവംബറിലുണ്ടായ ഉരുൾപൊട്ടലിൽ 39 പേരാണ് മരിച്ചത്. അമ്പൂരി പഞ്ചായത്തിലെ കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചൽ എന്നിവിടങ്ങളെ സർക്കാർ ഉരുൾപൊട്ടൽ സാധ്യതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2012 ഓഗസ്റ്റിൽ കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ മഞ്ഞവെയിൽ ഭാഗത്ത് ഉരുൾപൊട്ടി എട്ട് പേരാണ് മരണപ്പെട്ടത്. നിർത്താതെയുള്ള ദുരിതപ്പെയ്‌ത്തായിരുന്നു ഉരുൾപൊട്ടാൻ കാരണം.
2018-ൽ കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടുന്നത്. 14 പേർ മരിച്ചു. അഞ്ച് വീടുകൾ പൂർണമായി നശിക്കുകയും 33 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. ഉരുൾപൊട്ടലിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവുമുണ്ടായി. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. 2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ ഞെട്ടിച്ച് മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടിയത്. 59 പേരാണ് മരിച്ചത്. ഇതിൽ 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കവളപ്പാറയിലെ ജനവാസ കേന്ദ്രത്തിലടക്കം 45 വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്.
അന്നേ ദിവസം തന്നെ വയനാട് പുത്തുമലയിലും ഉരുൾപൊട്ടി. 17 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹം ഇപ്പോഴും കാണാമറയത്താണ്. 65 ഓളം വീടുകളാണ് ഉരുൾപൊട്ടലിൽ പൂർണമായും തകർന്നത്. മനുഷ്യവാസയോഗ്യമല്ലെന്ന് വിദഗ്ധർ വിധിയെഴുതിയ ഇവിടെ ഇതുവരെ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടില്ല.
2020-ലാണ് ഇടുക്കി പെട്ടിമുടിയെ ഉരുളെടുക്കുന്നത്. പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനാണ് ഉരുൾ കവർന്നത്. 22 ലയങ്ങളിലായി കിടന്നുറങ്ങിയവരാണ് മരിച്ചത്. ഇവരിൽ ആറ് പേരുടെ മൃതദേഹങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അപകടത്തിൽനിന്ന് എട്ട് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. പിറ്റേ വർഷം 2021 ഒക്ടോബർ 16-നാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 13 പേരുടെ ജീവനാണ് പൊലിഞ്ഞത്.















