ന്യൂഡൽഹി: ഓൾഡ് രാജേന്ദ്രനഗറിലെ ഐഎഎസ് കോച്ചിംഗ് സെന്റർ ദുരന്തത്തിൽ ഡൽഹി സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. ആംആദ്മി സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD), ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി, ഡൽഹി പൊലീസ്, വിദ്യാർത്ഥികളുടെ മരണം അന്വേഷിച്ച ഇൻവെസ്റ്റിഗേഷൻ ഓഫീസർ എന്നിവരെ ഡൽഹി ഹൈക്കോടതി വിമർശിച്ചു.
രാവൂസ് ഐഎഎസ് അക്കാദമി ബേസ്മെന്റിലുണ്ടായ അപകടത്തിൽ UPSC വിദ്യാർത്ഥികളായ മൂന്ന് പേർ മരിച്ച സംഭവം സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിന്റെ അടുത്ത വാദം കേൾക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരും ഡിസിപിയും എംസിഡി കമ്മിഷണറും ഹാജരായിരിക്കണമെന്നും കോടതി നിർദേശിച്ചു. എസിജെ മൻഹോൻ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
എന്തു വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ബേസ്മെന്റിന് സമീപത്ത് കൂടി പോയ എസ് യു വി അടക്കം കസ്റ്റഡിയിലെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ലെങ്കിൽ സിവിസി (CVC) അല്ലെങ്കിൽ ലോക്പാൽ പോലുള്ള കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്ഥലം സന്ദർശിച്ചതിന് ശേഷം എന്തു നടപടി സ്വീകരിച്ചുവെന്നതിന്റെ സത്യവാങ്മൂലം സമർപ്പിക്കാൻ എംസിഡി ഉദ്യോഗസ്ഥരോട് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം ഡൽഹി പൊലീസും സമർപ്പിക്കണം. ഓടകളിൽ പണിതുയർത്തിയിരിക്കുന്ന അനധികൃത കെട്ടിടങ്ങൾ എല്ലാം പൊളിച്ചുകളയണമെന്നും എംസിഡിയോട് കോടതി നിർദേശിച്ചു. ഇത്തരം കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിനിധികളെയും കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. ശീതീകരിച്ച ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥർ പുറത്തിറങ്ങി പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
3.3 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുമായി എങ്ങനെ ഭരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡൽഹി സർക്കാരിനോടും അധികൃതരോടും കോടതി ചോദിച്ചു. 6-7 ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളോട് പ്രവർത്തിക്കുന്ന ഡൽഹി നഗരത്തിൽ 3.3 കോടി ജനങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ എന്തുപദ്ധതിയാണ് ആംആദ്മി സർക്കാരിന്റെ കൈവശമുള്ളതെന്നും എസിജെ ആരാഞ്ഞു.















