പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ചിങ്ങ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങൾ വന്നു ചേരുന്ന വരുമായിരിക്കും. സൽപ്പേരും കീർത്തിയും നേടിയെടുക്കാൻ കഴിയുന്ന ഒട്ടനവധി അവസരങ്ങൾ മുന്നിൽ വന്നു ചേരും. സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. എന്നാൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാനഹാനി അപമാനവും നിരാകരണവും നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ചും അന്യസ്ത്രീ ബന്ധം, അവിഹിതം തുടങ്ങിയവ ഈ വാരത്തിൽ ഒഴിവാക്കുന്നതായിരിക്കും പൊതുവിൽ നല്ലത്. ഇത്തരം വെല്ലുവിളികളെ വൈകാരികമായി പ്രതികരിക്കാതെ, സൗമ്യവും യുക്തിപൂർവവുമായ സമീപനത്തിലൂടെ വേണം വിജയിക്കേണ്ടത്.
ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു വാരമായതിനാൽ ചിങ്ങരാശിക്കാർ നൽകുന്ന ചില നിർദേശങ്ങൾ നിമിത്തം മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ ഗുണഫലങ്ങൾ ലഭിക്കുന്ന സമയമാണ്. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നവരെ നയിക്കാനും അവരുടെ ജീവിതത്തിൽ അർത്ഥവത്തായ പല മാറ്റങ്ങൾ കൊണ്ടുവരുന്നതിനാലും ചിങ്ങരാശിക്കാർ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യും.
പ്രശസ്ത വ്യക്തികളിൽ നിന്നും സമ്മാനങ്ങളും പുരസ്കാരങ്ങളും നേടാനുള്ള യോഗമുണ്ട്. ഇത്തരം പുരസ്‌കാരങ്ങൾ സമൂഹത്തിൽ വളരെ വലിയ ബഹുമാനവും നേട്ടങ്ങളും കൊണ്ട് തരും.
ഇത്തരം വളരെ വലിയ നല്ല അനുഭവങ്ങൾ ഉണ്ടാകുമെങ്കിലും ചില വെല്ലുവിളികളും നേരിടേണ്ടതായി വന്നേക്കും. സ്വന്തം എന്ന് കരുതിയ ചിലരിൽ നിന്നും അപ്രതീക്ഷിതമായ തിരിച്ചടികൾ നേരിട്ടേക്കും. ചിലരുടെ തനിനിറം പുറത്തുവരുന്ന സമയമാണ്. ഇതൊക്കെ തന്നെ മാനസികമായി വലിയ നിരാശയിലേക്ക് തള്ളിവിടാം എന്നത് കൊണ്ട് തന്നെ മാനസികമായി ജാഗ്രത പുലർത്തുക. ഈ നിരാശകളെ ബുദ്ധിപൂർവം കൈകാര്യം ചെയ്‌തു വിജയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക.
വിദേശബന്ധമുള്ള തൊഴിലും വ്യാപാരവും ചെയ്യുന്നവർക്ക് വരുമാനത്തിൽ വലിയ ഉന്നതി ഉണ്ടാകുന്ന വാരമായിരിക്കും. എന്നിരുന്നാലും കൃത്യമായ ആസൂത്രണമില്ലാതെ ചിലവ് വർദ്ധിക്കാതെ ശ്രദ്ധിക്കേണ്ടതാകുന്നു. പ്രത്യേകിച്ചും വരുമാന വർദ്ധനവു കണ്ടു ആഡംബരം വർദ്ധിപ്പിച്ചാൽ വൻ നഷ്ടത്തിൽ കലാശിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൃത്യത പുലർത്തിയില്ലെങ്കിൽ വരുമാന വർദ്ധനവിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരണമെന്നില്ല.
കുടുംബജീവിതത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറിത്തുടങ്ങും. സമാധവവും, സന്തോഷവും ജീവിതത്തിൽ നിറയും. ദാമ്പത്യത്തിൽ ഉണ്ടായിരുന്ന വിള്ളലുകൾ മാറി ഐക്യവും ഒരുമയും അനുഭവപ്പെടും. പ്രൊഫഷണൽ ജീവിതത്തിൽ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ആവിഷ്കരിക്കും.
ചുരുക്കത്തിൽ ഈ വാരം സന്തോഷകരമായിരിക്കും എന്ന് കരുതാം. നിരാശകളിൽ വീഴാതെ മാനസികമായി പാകതപെടുത്തിയാൽ വെല്ലുവിളികളെ നിഷ്പ്രയാസം മറികടക്കാൻ സാധിക്കും.
ആഗസ്ത് 6, 7, 8 തീയതികൾ യഥാക്രമം മകം, പൂരം, ഉത്രം ക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
കന്നിരാശിക്കാർക്ക് ഈ വാരം ആഘോഷങ്ങളുടേതായിരിക്കും. ബന്ധുജന സമാഗമവും സുഹൃത്തുക്കൾ തമ്മിൽ ഉള്ള ഒത്തുചേരലും ഒക്കെ ഈ വാരത്തിൽ സാക്ഷ്യം വഹിക്കും. വിവാഹം വൈകി പോയവർക്ക് തടസങ്ങൾ മറികടക്കുവാൻ ഉള്ള ആഴ്ചയാണ്. അപ്രതീക്ഷിതമായ രീതിയിൽ അനുയോജ്യമായ വിവാഹാലോചന വന്നു ചേരുവാൻ സാധ്യത കാണുന്നു. കുറച്ചുകാലമായി ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറി സാമ്പത്തിക സ്ഥിരത വന്നു ചേരും. പുതിയ സ്രോതസുകൾ കണ്ടെത്തുകയോ വരുമാനം വര്ധിക്കുകയോ ഒക്കെ ഉണ്ടാകും. എന്നാൽ ചിലവുകളും വർധിക്കുമെന്ന് കാണുന്നു. ആയതിനാൽ വരവ് ചിലവുകൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും സമൃദ്ധിയും സർവോപരി സന്തോഷവും ഉണ്ടാകും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ആഡംബര വസ്തുക്കളും വന്നു ചേരും. കുടുംബത്തിൽ വിവാഹമോ വിവാഹ നിശ്ചയമോ ഒക്കെ നടക്കാൻ സാധ്യത കാണുന്നു.
രാഷ്‌ട്രീയ രംഗത്തും സാംസ്‌കാരിക മേഖലയിലും പ്രവർത്തിക്കുന്നവർക്കും ഈ വാരം ഒരു സുവർണാവസരമായിരിക്കും. പ്രവർത്തികൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കാനും പ്രതാപം ഉയരാനും അനുകൂല അവസരങ്ങൾ വന്നു ചേരും. സാഹിത്യരചന നടത്തുന്നവർക്ക് പുതിയ പുസ്തകത്തെ പ്രഖ്യാപിക്കുകയോ പ്രകാശിപ്പിക്കുകയോ ഒക്കെ ചെയ്യുവാനും സമൂഹത്തിൽ കീർത്തിയും ആദരവും വർദ്ധിപ്പിക്കുവാനും പറ്റിയ സമയമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും അനാവശ്യ ബന്ധങ്ങൾ ഈ വാരത്തിൽ കർശനമായും ഒഴിക്കേണ്ടതാകുന്നു. തെറ്റായ ആളുകളുമായുള്ള സഹവർത്തിത്വം ദോഷഫലങ്ങൾ സമ്മാനിക്കും. സംശയകരമായ ഒരു സാഹചര്യത്തിൽ നിന്നും മാറി നില്കുന്നതായിരിക്കും ഉചിതം. റിസ്‌ക് എടുക്കാൻ പറ്റിയ സമയം അല്ല. ഇത്തരം പ്രവർത്തികൾ പൊതു നിന്ദയിലും, അപമാനത്തിലും അപചയത്തിലും മാത്രമേ അവസാനിക്കൂ. മൂല്യാധിഷ്ഠിത ബന്ധങ്ങൾ മാത്രം സ്ഥാപിക്കാൻ ശ്രമിക്കുക.
ഈ വാരത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകുമെങ്കിലും സാമ്പത്തികമായി ജാഗ്രതയും ബന്ധങ്ങളിൽ സൂക്ഷമതയും പുലർത്തേണ്ടുന്നത് അത്യാവശ്യമാണ്.
ആഗസ്ത് 8, 9, 10 തീയതികൾ യഥാക്രമം ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
തുലാക്കൂറുകാർക്ക് തൊഴിൽപരമായി വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള വാരമാണ്. തൊഴിലിൽ വിജയവും ആത്മവിശ്വാസ വർദ്ധനവും ഉണ്ടാകും. അവമതിച്ചവരും അവഹേളിച്ചവരും വാഴ്‌ത്തുന്ന കാലമാണ്. മുൻകാലത്തു നിങ്ങളെപ്പറ്റി അപവാദം പറഞ്ഞു നടന്നിരുന്നവർ നിങ്ങളുടെ മുൻപിൽ നമിക്കുന്ന കാഴ്ച കാണാൻ സാധിക്കും. അവർ അവരുടെ തെറ്റി തിരുത്തി നിങ്ങളോടു സന്ധി ചെയ്യും. നീതി ലഭിച്ചുവെന്ന അനുഭൂതി അനുഭവിക്കാൻ സാധിക്കും. ഈശ്വരസാനിധ്യം ചുറ്റും നിറയും. പലതരത്തിൽ ഈശ്വരാനുഗ്രഹം അനുഭവപ്പെടും. തന്മൂലം സന്തോഷവും സമാധാനവും അനുഭവപ്പെടും.
പ്രണയിക്കുന്നവർക്ക് ഈ വാരം അനുകൂലമായിരിക്കും. ഇവരുടെ ബന്ധങ്ങൾ വേണ്ടപ്പെട്ടവരുടെ അംഗീകാരത്തോടെ തന്നെ വിജയിക്കും. ബന്ധങ്ങളിൽ അഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്ന അവസ്ഥയും പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്യും.
പ്രതിഭാശാലികളായവരെ നേരിട്ട് കാണുവാനും അവരോടൊപ്പം ഒരേ വേദി പങ്കിടുവാനും അവസരങ്ങൾ വന്നു ചേരും. ഇത്തരം അവരങ്ങൾ സ്വന്തം സാമൂഹിക പ്രൊഫഷണൽ ഉന്നതിക്ക് ഉതകുന്ന തരത്തിൽ ഉപയോഗിക്കേണ്ടതാകുന്നു.
ഈ വാരത്തിൽ സ്ത്രീകളുമായി ഇടപഴകുമ്പോൾ വളരെയേറെ ജാഗ്രത പുലർത്തുക. ചെറിയ പിഴവ് പോലും വലിയ സാമ്പത്തിക നഷ്ടവും അപമാനവും വിളിച്ചു വരുത്തും. ഇടപാടുകളിൽ സൂക്ഷ്മമായ ശ്രദ്ധ പുലർത്തേണ്ടുന്ന വാരമാണ്.
വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം സന്തോഷം പങ്കിടുവാനും സാധ്യത കാണുന്നു. മാത്രമല്ല, നിങ്ങളോടു ശത്രുത കാണിക്കുന്നവർ നിങ്ങളുടെ മുൻപിൽ നിലംപരിശാകുന്ന അവസ്ഥയും ഉണ്ടാകും. ഏതൊക്കെ തന്നെ ഈ വാരത്തിൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകും.
അപ്രതീക്ഷിതമായി വിലമതിക്കാനാവാത്ത ആഭരണങ്ങളോ സമ്മാനങ്ങളോ മറ്റോ ലഭിക്കാനുള്ള സാധ്യത കാണുന്നു. തൊഴിൽപരമായും വ്യക്തിപരമായും ചില പുതിയ പദ്ധതികൾ, ആശയങ്ങൾ ഒക്കെ ഉരുത്തിരിയുകയും അവ കൃത്യമായി പ്രവർത്തനത്തിൽ കൊണ്ടുവന്നാൽ വിജയിക്കുകയും ചെയ്യാം.
ചുരുക്കത്തിൽ ഈ വാരത്തിൽ മാനസികമായി വലിയ സന്തോഷങ്ങൾക്ക് അവസരം കാണുന്നു. പ്രകടമായി അനുഭവിക്കാവുന്ന ഈശ്വര സാന്നിധ്യം, സാമ്പത്തിക വിജയം, വ്യക്തിപരമായ വളര്ച്ച ഒക്കെയും ഈ വാരത്തിൽ ഉണ്ടാകും.
തുലാക്കൂറിലുള്ള ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം ഞായർ, വെള്ളിയാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും. ആഗസ്ത് 10 ചിത്തിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചിക രാശിക്കാർ ഈ വാരത്തിൽ വളരെയേറെ ജാഗ്രത പുലർത്തേണ്ടുന്നത് അത്യാവശ്യമാണ്. സാമ്പത്തിക ക്രിയവിക്രയങ്ങൾ സൂക്ഷ്മമായ നിരീക്ഷണത്തോടെ കൈകാര്യം ചെയ്യാത്തപക്ഷം സാമ്പത്തിക തട്ടിപ്പിന് ഇരയാകാൻ സാധ്യത കാണുന്നു. മാത്രമല്ല, കോടതി വ്യവഹാരങ്ങൾ തർക്കങ്ങൾ ഒക്കെയും നേരിടേണ്ടതായി വന്നേക്കാം.
വ്യാപാരികൾ വളരെയധികം സൂക്ഷ്മതയോടു കൂടി മാത്രം രേഖകളിൽ ഒപ്പുവയ്‌ക്കുന്നത് നഷ്തങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കരാറുകൾ ഒക്കെയും പലയാവർത്തി വായിച്ചു അത്യാവശ്യമെങ്കിൽ നിയമം അറിയുന്നവരെക്കൊണ്ട് പരിശോധിപ്പിച്ചു മാത്രം മുന്നോട്ട് പോകുക. വിശ്വാസ്യത ഉള്ളവർ കൊണ്ടുവരുന്ന കടലാസ്സിൽ പോലും നല്ലപോലെ ആലോചിക്കാതെ ഒപ്പുവയ്‌ക്കരുത്.
വാരം മുന്നേറുമ്പോൾ തൊഴിൽ തടസങ്ങളുടെ കാഠിന്യം കുറയുക മാത്രമല്ല, വളർച്ചക്കും പുരോഗതിക്കുമുള്ള അവസരങ്ങൾ തുറന്നു വരും. മുന്നിൽ വരുന്ന അവസരങ്ങൾ ശങ്കിച്ച് നിന്ന് നഷ്ടപ്പെടുത്തരുത്. ജലസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ഈ വാരം വലിയ വിജയങ്ങൾ സമ്മാനിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥയ്‌ക്കും തക്ക പ്രതിഫലം ലഭിക്കും.
വളരെക്കാലമായി ആഗ്രഹിച്ചിരുന്നു പുണ്യസ്ഥല ദർശനം ഈ വാരത്തിൽ സഫലമാകും. അതിനുള്ള അവസരങ്ങൾ പാഴാക്കാതിരിക്കുക. കുടുംബ ബന്ധു ജനങ്ങളുമായി ഉണ്ടായിരുന്ന തർക്കങ്ങളും പൊരുത്തക്കേടുകളും മാറി ഐക്യം ഉണ്ടാകുന്ന വാരമാണ്. തൽഫലമായി ചില പുതിയ നിർണായക തീരുമാനങ്ങൾ ഉരുതിരിയുകയും ചെയ്യും. നഷ്ടപെട്ട ബന്ധങ്ങൾ തിരികെ വന്നുചേരുന്ന സമയമാണ്. കൈവിട്ടുപോയ ബന്ധങ്ങൾ വിളക്കി ചേർക്കുവാൻ മുൻകൈ എടുത്താൽ വിജയിക്കുന്ന വാരമാണ്.
ചുരുക്കത്തിൽ സാമ്പത്തിക, മാനസിക, ശാരീരിക അവശതകൾ ഒക്കെ മാറി സന്തോഷവും സമാധാനവും ഉണ്ടാകുന്ന വാരമാണ് വരുന്നത്. ആഴ്ചയുടെ തുടക്കത്തിൽ ചില തിരിച്ചടികൾ ഉണ്ടാകുവാൻ സാധ്യത കാണുന്നു എങ്കിലും വാരം പുരോഗമിക്കുന്നതിനനുസരിച്ചു കാര്യങ്ങൾ അനുകൂലമാകും.
വൃശ്ചികക്കൂറിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം വെള്ളി, ഞായർ, തിങ്കളാഴ്ചകളിൽ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V