ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 77-ാം ദിനാഘോഷത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗ ക്യാമ്പയിനുമായി ബിജെപി. ഓഗസ്റ്റ് 11 മുതൽ 15 വരെ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും കടകളിലും ത്രിവർണ്ണ പതാക ഉയർത്താനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ ജനങ്ങളോട് ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമാകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ത്രിവർണ്ണ പതാകയ്‌ക്കൊപ്പമുള്ള സെൽഫികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 14ന് വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാനും പാർട്ടി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്വാതന്ത്രത്തിന്റെ -75-ാം വാർഷികാഘോഷവേളയിലായിരുന്നു സ്വാതന്ത്ര്യദിനത്തലേന്ന് വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്‌റു നടപ്പാക്കിയ വിഭജനത്തിന്റെ ഫലമായി രാജ്യമെങ്ങും വർഗീയ കലാപം ആളിപടർന്നിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഗസ്റ്റ് 11 മുതൽ 14 വരെ തിരംഗ റാലികൾ സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു. ഈ ദിവസങ്ങളിൽ ശുചീകരണയജ്ഞവും ചരിത്ര പുരുഷന്മാരുടെ പ്രതിമകളിൽ പുഷ്പാർച്ചനയും നടത്തും.