തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ രണ്ട് പ്രദേശങ്ങളും പൂർണമായും ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും വേദനാജനകമായ കാഴ്ചകളാണ് വയനാട്ടിൽ നിന്നും വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ 144 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 64 പേരും സ്ത്രീകളാണ്. 192 പേരെ കാണാനില്ല. ദുരന്ത മേഖലയിലെ പരമാവധി ആളുകളെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. വനവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനോടകം 1,592 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവർക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തുന്നുണ്ട്. 201 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വയനാട്ടിൽ 82 ക്യാമ്പുകളിലായി 8,017 പേർ കഴിയുന്നുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ കൗൺസിലിംഗുകൾ നടത്തും.
1,167 പേർ ഉൾപ്പെടുന്ന സന്നാഹ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 645 അഗ്നിശമന സേനാംഗങ്ങളും 96 എൻഡിആർഎഫ് അംഗങ്ങളും 350 പൊലീസുകാരും രക്ഷാദൗത്യത്തിലുണ്ട്. ഭക്ഷണം, കുടിവെള്ളം എന്നിവ നേവി എത്തിക്കും. റോഡുകളിലെ തടസം ഒഴിവാക്കാൻ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ ഫൊറൻസിക് സംഘങ്ങളെ നിയോഗിച്ചു. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധന നടത്തും. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇതിനായി ക്യാപ്റ്റൻ ഇന്ദ്രപാലിന്റെ സഹായം തേടിയിട്ടുണ്ട്. കൂടുതൽ സ്നിഫർ ഡോഗുകളെയും രക്ഷാദൗത്യത്തിനായി എത്തിക്കും.
ദുരന്തത്തിൽ കെഎസ്ഇബിക്ക് മാത്രം 3 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. റേഷൻ കടകൾ അടിയന്തരമായി പുനഃസ്ഥാപിക്കും. സപ്ലൈകോയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. മൊബൈൽ ടവറുകൾ, ജനറേറ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾക്ക് നിർദ്ദേശം നൽകി. ദുരന്തമേഖലയിൽ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പുവരുത്തും. ദുരന്ത സാഹചര്യത്തെ നേരിടാനുള്ള നടപടികൾ ഭക്ഷ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് താത്കതാലിക പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികളുമായി രണ്ടാമത്തെ വ്യോമസേനാ വിമാനം കണ്ണൂർ എയർപോർട്ടിൽ എത്തിയിട്ടുണ്ട്.