വയനാട്: ആർത്തലച്ചെത്തിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ഉറ്റവരെയും ഉടയവരെയും തുടങ്ങി ആയുഷ് കാലം മുഴുവൻ സമ്പാദിച്ചതെല്ലാം വയനാടൻ ജനതയ്‌ക്ക് നഷ്ടമായി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അട്ടമലയെയുമെല്ലാം അട്ടമലയിലെയും ജനങ്ങളെ കൈപിടിച്ചുയർത്താൻ സമൂഹത്തിന്റെ വിവിധ തുറകളിലുളളവർ അകമഴിഞ്ഞ സഹായങ്ങളാണ് നൽകുന്നത്. വയനാടിന് സഹായഹസ്തവുമായി അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൈമാറി.
വയനാട്ടിലുണ്ടായ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കൊപ്പം അദാനി ഗ്രൂപ്പ് നിലകൊള്ളുന്നതായും ചെയർമാൻ ഗൗതം അദാനി എക്‌സിൽ കുറിച്ചു. ദുരന്തം വിതച്ച പ്രതിസന്ധിയിൽ കേരളത്തിനൊപ്പം നിലകൊള്ളാൻ അദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴേസ് ഉടമ കല്യാണ രാമൻ, കെഎസ്എഫ്ഇ എന്നിവർ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നോർക്ക ഡയറക്ടർമാരിൽ ഒരാളായ ജയകൃഷ്ണ മേനോനും കാനറ ബാങ്കും ഒരു കോടി രൂപയും കെഎംഎംഎൽ 50 ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും നടൻ ചിയാൻ വിക്രം 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.