തിരുവനന്തപുരം: ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാകാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ വീണ്ടും ’മാധവ് ഗാഡ്ഗിൽ’ ചർച്ചകൾ സജീവമായത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ അഭിപ്രായമുന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
പ്രളയം വന്നപ്പോൾ പറയുന്നുണ്ടായിരുന്നു, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയം സംഭവിക്കില്ലായിരുന്നുവെന്ന്.. അങ്ങനെ എല്ലാകാലത്തും ഇത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതായി കാണുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം ഗൗരവമായി കാണാൻ കഴിയണം. ഓരോദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാർബൺ ബഹിർഗമനം, അതിന്റെ ഭാഗമായി വരുന്ന ആഗോളതാപനം ഇതെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ദുരന്തമുഖത്തെ അഭിമുഖീകരിക്കുന്ന വേളയിൽ ശരിയല്ലാത്ത പ്രചാരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാണെന്ന് പ്രവചിച്ച പരിസ്ഥിതി ഗവേഷകനായിരുന്നു മാധവ് ഗാഡ്ഗിൽ. വയനാട്ടിൽ നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെയാണ് മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ വീണ്ടും ചർച്ചയായത്. ’’പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ മനസിലാകും.’’– 2013ൽ ഗാഡ്ഗിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.















