ശ്രീനഗർ: കശ്മീരിൽ വീണ്ടും കശ്മീരി പണ്ഡിറ്റുകളുടെ ചരിത്ര അവശേഷിപ്പുകൾക്ക് നേരെ ആക്രമണം. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കശ്മീരി പണ്ഡിറ്റുകളുടെ ഉപേക്ഷിക്കപ്പെട്ട വീടുകളും തീപിടുത്തത്തിൽ നശിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കശ്മീരിലെ ഹിന്ദു സമൂഹത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളിൽ പ്രദേശവാസികൾ അട്ടിമറി സംശയിക്കുന്നുണ്ട്.
ജൂലൈ 28 നാണ് സംഭവം. കശ്മീരി പണ്ഡിറ്റുകളുടെ അനന്ത്നാഗിലെ നാല് വീടുകളാണ് ഒറ്റരാത്രികൊണ്ട് അഗ്നിക്കിരയായത്. 100 വർഷത്തിലേറെ പഴക്കമുള്ള ഈ വീടുകൾ വാസ്തു വിദ്യകളുടെ കാര്യത്തിൽ പ്രശസ്തി നേടിയവയായിരുന്നു. 11990 കളിൽ പൊട്ടിപ്പുറപ്പെട്ട പാകിസ്താൻ പ്രേരിത ഇസ്ലാമിക് ജിഹാദ് കാരണം പലായനം ചെയ്യാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകളുടേതാണ് ഈ വീടുകൾ.
സംഭവത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. 2019 നു ശേഷം, കശ്മീരിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടിരുന്നു. ഇതിനുപിന്നാലെ ചില പണ്ഡിറ്റുകൾ ഉപേക്ഷിച്ചുപോയ തങ്ങളുടെ സ്വത്ത് വകകൾ നവീകരിക്കാൻ തുടങ്ങിയിരുന്നു. ഇതാകാം പുതിയ സംഭവ വികാസങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.
ചുറ്റുപാടും താമസിച്ചിരുന്ന മുസ്ലീങ്ങളുടെ വീടുകളിൽ തീപിടുത്തം ഉണ്ടായിട്ടില്ല എന്നതാണ് അവർ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കത്തിനശിച്ച വീടുകളിൽ വൈദുതി ബന്ധം ഇല്ലാതിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് സംഭവിക്കാൻ സാധ്യതയില്ലെന്നും സംഭവത്തിനുപിന്നിൽ അട്ടിമറി ശ്രമങ്ങൾ സംശയിക്കുന്നതായും വീടിന്റെ ഉടമസ്ഥരായ പണ്ഡിറ്റുകൾ ആരോപിക്കുന്നു. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.