കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് 16 മണിക്കൂർ മുൻപ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും ശാസ്ത്രീയപഠനം നടത്തുന്ന കൽപറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. വയനാട്ടിലെ 200 ഓളം വെതർ സ്‌റ്റേഷനുകളിൽ നിന്ന് ശേഖരിച്ച മഴയുടെ അളവ് പരിശോധിച്ച ശേഷമായിരുന്നു മുണ്ടക്കൈയിലും പരിസരത്തും ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇവർ നൽകിയത്.
മലയോര മേഖലയായതിനാൽ വയനാട്ടിലെ മഴയുടെ തോത് അളക്കാൻ വിപുലമായ സംവിധാനമാണ് ഹ്യൂമിന് ഉളളത്. മുണ്ടക്കൈയ്‌ക്ക് തൊട്ടടുത്തുളള പുത്തുമല വെതർ സ്റ്റേഷനിൽ ഞായറാഴ്ച 200 എംഎം മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രിയിൽ പ്രദേശത്ത് 130 എംഎം മഴയും ലഭിച്ചു. ഒരു പ്രദേശത്ത് തുടർച്ചയായി 600 എംഎം മഴ ലഭിച്ചാൽ മണ്ണിടിച്ചിലിനുളള സാദ്ധ്യത ഉയരും. ഇത് കണക്കിലെടുത്ത് മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹ്യൂം ഡയറക്ടർ സികെ വിഷ്ണുദാസ് പറഞ്ഞു. ഞായറാഴ്ച ആദ്യ റീഡിംഗ് ലഭിച്ച ശേഷം പ്രദേശത്ത് 48 മണിക്കൂറിനുളളിൽ 572 എംഎം മഴ ലഭിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ നാല് വർഷമായി മഴയുടെ തോത് വിലയിരുത്തി മഴക്കെടുതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സ്ഥാപനമാണ് ഹ്യൂം. 2020 ൽ മുണ്ടക്കൈ മേഖലയിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ഇവർ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് മുൻകരുതൽ നടപടിയായി പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. കർഷകരെ സഹായിക്കാൻ 200 ഓളം മഴമാപിനികൾ സ്ഥാപിച്ച് കമ്യൂണിറ്റി അധിഷ്ഠിത മഴ നിരീക്ഷണ സംവിധാനമാണ് ഹ്യൂം ഒരുക്കിയിരിക്കുന്നത്.
ജൂൺ ഒന്ന് മുതൽ വയനാട്ടിലെ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചിരുന്നതെന്ന് വിഷ്ണുദാസ് പറയുന്നു. ലക്കിഡി, പുത്തുമല, തോണ്ടർനാട്, മണിക്കുന്നുമല എന്നിവിടങ്ങളിൽ 3000 എംഎം മഴയാണ് ലഭിച്ചത്. കേവലം അൻപത് ദിവസങ്ങൾക്കുളളിലാണ് ഇത്രയധികം മഴ ഈ പ്രദേശങ്ങളിൽ ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൺസൂണിന്റെ ആദ്യഘട്ടത്തിൽ സാധാരണ നിലയിൽ 100 മുതൽ 150 എംഎം വരെ മഴയാണ് ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് മഴ ശക്തമാകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മഴ മാപിനികളിൽ 2020 മുതലുളള കണക്കുകൾ പരിശോധിക്കുമ്പോൾ വയനാട്ടിലെ മഴയ്‌ക്ക് വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. ജൂണിൽ തുടങ്ങി സെപ്തംബർ മുഴുവൻ നീളുന്ന മഴക്കാലമായിരുന്നു വയനാടിന്റെ പ്രത്യേകത. എന്നാൽ 2015-16 ലെ കനത്ത വേനൽ മുതൽ വയനാട്ടിലെ മഴലഭ്യതയിലും വലിയ മാറ്റങ്ങൾ വരികയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയത്. 200 ലധികം പേരാണ് മരിച്ചത്. ഈ പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.















