ന്യൂഡൽഹി: ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരൻ.കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും ആഭ്യന്തര വകുപ്പും കേരള സർക്കാരിന് കൃത്യമായ മുന്നറിയിപ്പുകളാണ് നൽകിയത്. എന്നാൽ ഈ മുന്നറിയിപ്പുകളെ ഗൗനിക്കാൻ ഭരണകൂടം തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മാദ്ധ്യമങ്ങൾ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞിരുന്നു.
കൽപ്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജി നൽകിയിരിക്കുന്ന മുന്നറിയിപ്പാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതിന് ശേഷവും കേരള സർക്കാർ മുൻകരുതൽ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തം തടയാൻ ആർക്കും സാധിക്കില്ല. മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ആളപായം തടയാൻ സർക്കാരിന് സാധിക്കുമായിരുന്നു. സ്വന്തം വീഴ്ചകളെ ന്യായീകരിക്കാതെ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ കാരണം 350-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഡൽഹി ഐഐടി 2023-ൽ ഉരുൾപൊട്ടാന്‍ ഇടയുള്ള പ്രദേശങ്ങളെ കുറിച്ച് ഇറക്കിയ മാപ്പിൽ വയനാടുമുണ്ട്. എന്നാൽ ആ നിർദേശങ്ങൾ കേരള സർക്കാർ ഗൗനിച്ചില്ല. 2020-ൽ കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. 300-ഓളം അനധികൃത നിർമ്മാണങ്ങൾ വയനാട്ടിലെ പരിസ്ഥിതി ലോല മേഖലകളിൽ നിർമ്മിച്ചിട്ടുണ്ട്. ഇതിനെതിരെയും സർക്കാർ നടപടിയെടുത്തില്ല. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും സർക്കാർ തള്ളിക്കളഞ്ഞെന്നും വി മുരളീധരൻ ആരോപിച്ചു. ആഭ്യന്തര വകുപ്പിലെയും പ്രതിരോധ വകുപ്പിന്റെയും സമ്പൂർണ്ണമായ പിന്തുണയോട് കൂടിയാണ് വയനാട്ടിലെ രക്ഷാപ്രവർത്തനം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.