ടെൽഅവീവ്: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഹനിയയ്‌ക്ക് പുറമെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഹനിയ കൊല്ലപ്പെട്ട വാർത്ത ഇറാൻ ആണ് ആദ്യം പുറത്ത് വിട്ടത്. പിന്നാലെ ചേർന്ന ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് ഇസ്രായേലിനെ ആക്രമിക്കാൻ ഖമേനി ഉത്തരവിട്ടത്. ഹനിയയുടെ കൊലപാതകത്തിന് പിന്നാൽ ഇസ്രായേൽ ആണെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. എന്നാൽ ഇസ്രായേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിന് പിന്നാലെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ടെഹ്‌റാനിൽ എത്തിയപ്പോഴാണ് ഹനിയ കൊല്ലപ്പെട്ടത്. തങ്ങളുടെ സൈനിക കമാൻഡർമാരെ കൊലപ്പെടുത്തിയതിന് പകരമായി ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥരും പറയുന്നു. ഇറാൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് ഖമേനി.
ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിലേയും റെവല്യൂഷണറി ഗാർഡുകളിലേയും കമാൻഡർമാരെ ഖമേനി ചുമതലപ്പെടുത്തിയതായും വിവരമുണ്ട്. ഹനിയയുടെ മരണത്തിൽ നേരിട്ട് തിരിച്ചടിക്കണമെന്നാണ് ഖമേനി നിർദേശിച്ചിട്ടുള്ളത്. ഇറാനിൽ ഹനിയയുടെ കൊലപാതകം നടന്നത് അംഗീകരിക്കാനാകില്ലെന്നും, ആ രക്തത്തിന് പകരം ചോദിക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് ഖമേനി പറയുന്നത്.