വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്‌ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വയനാട്ടിലെത്തിയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത അവലോകന യോഗം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് നടന്നിരുന്നു. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ളവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. മുണ്ടക്കൈയിൽനിന്നു ചൂരൽമലയിലേക്കുള്ള പാലം ഇന്നു പൂർത്തിയാക്കാനാകുമെന്ന് സൈന്യത്തിന്റെ പ്രതിനിധികൾ അവലോകനയോഗത്തിൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മൂന്നാം ദിനവും മേഖലയിലെ തിരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ 280 കടന്നതായാണ് കണക്കുകൾ. 240 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. തെരച്ചിലിനായി ഹിറ്റാച്ചി ഉൾപ്പെടെയുള്ള കൂടുതൽ യന്ത്രങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.















