ഒളിമ്പിക്സ് ഹോക്കിയിൽ ടീം ഇന്ത്യക്ക് ആദ്യ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. 18-ാം മിനിട്ടിൽ അഭിഷേകിലൂടെ ആദ്യം മുന്നിലെത്തിയത് ഇന്ത്യയായിരുന്നു. ബെൽജിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് അഭിഷേക് വലകുലക്കിയത്.
തിബോ സ്റ്റോക്ബ്രോക്സ് 33-ാം മിനിട്ടിൽ ബെൽജിയത്തെ ഒപ്പമെത്തിച്ചു. 11 മിനിട്ടിന് ശേഷം ജോൺ ജോൺ ബെൽജിയത്തിന് ലീഡ് നൽകി. രണ്ട് പെനാൽറ്റി കോർണറുകൾ സേവ് ചെയ്ത പി.ആർ ശ്രീജേഷ് മൂന്നാമത്തേതും രക്ഷപ്പെടുത്തിയെങ്കിലും കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗോൾ ലൈനിന് അരികിലെത്തിയ പന്ത് ജോൺ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.
തിരിച്ചടിച്ച് സമനില നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾ ബെൽജിയൻ പ്രതിരോധത്തിൽ തട്ടി മങ്ങി.പൂൾ ബിയിൽ 12 പേയിന്റുമായി ബെൽജിയം ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ അവസാന മത്സരം കരുത്തരായ ഓസ്ട്രേലിയയുമായിട്ടാണ്. ഇപ്പോഴും ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാണ്.















