വയനാട്: ദുരന്ത ഭൂമിയിൽ 35 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലം സജ്ജമാക്കിയത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായി സൈനികവാഹനങ്ങളാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. ആദ്യം സൈന്യത്തിന്റെ സ്‌കോർപിയോ വാഹനം കടന്നുപോയി. പിന്നാലെ കരസേനയുടെ ആബുലൻസും ട്രക്കും ഇരുകരകളിലേക്കും സഞ്ചരിച്ചു. പിന്നാലെ രക്ഷാപ്രവർത്തനത്തിനുളള ജെസിബിയും കടന്നു പോയി.
24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലം യാഥാർത്ഥ്യമായതോടെ മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനവും ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കുന്നതും സുഗമമാകും. ഉരുൾപൊട്ടലിൽ വീണു കിടക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാനും തകർന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങൾ കോരിമാറ്റാനും ഇവിടെ മനുഷ്യർ ആരെങ്കിലും പെട്ടുകിടപ്പുണ്ടോയെന്ന് തിരച്ചിൽ നടത്താനും പുതിയ പാലത്തിലൂടെ വാഹനങ്ങളും യന്ത്രങ്ങളും എത്തുന്നതോടെ സാധിക്കും.
30ന് രാവിലെ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി മേജർ ജനറൽ വിടി മാത്യൂ പറഞ്ഞു. വെല്ലുവിളിയായ പ്രതികൂല കാലാവസ്ഥയെയും മറികടന്ന് രാപ്പകൽ വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നിർമാണം പൂർത്തിയാക്കുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളികളോടെയാണ് ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കിയതിലെ സന്തോഷം സൈനികർ പങ്കുവച്ചത്. കൂറ്റൻ ഇരുമ്പ് സാമഗ്രികളും ഉപകരണങ്ങളും ഇറക്കി സൈന്യം നടത്തിത് സമാനതകളില്ലാത്ത പ്രവർത്തനം.
വ്യോമസേനയുടെ വിമാനങ്ങളിൽ കണ്ണൂരിലെത്തിച്ച നിർമ്മാണ സാമഗ്രികൾ ട്രക്കുകളിലാണ് ചൂരൽമലയിലെത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡിഎസ്സി) ക്യാപ്റ്റൻ പുരൻസിംഗ് നഥാവത്, കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) മേജർ ജനറൽ വി.ടി.മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം നടത്തിയത്. പീ ഫാബ്രിക്കേറ്റഡ് ഉരുക്ക് സാമഗ്രികളും മരവും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. ബലം ഉറപ്പുവരുത്താൻ നടുവിലായി തൂണും നൽകിയിട്ടുണ്ട്.