ആലപ്പുഴ: ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവർ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.
ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന നെഹ്‌റു ട്രോഫി സബ് കമ്മിറ്റി യോഗത്തിലാണ് ജില്ലാ കളക്ടർ അലക്സ് വർഗീസ് വള്ളംകളി മാറ്റിവച്ചതായി അറിയിച്ചത്. വൈകിട്ട് 6.30ന് നടന്ന കോർ കമ്മിറ്റി യോഗത്തിലും പുതിയ തീയതി സംബന്ധിച്ച തീരുമാനമുണ്ടായിട്ടില്ല. മാറ്റിവച്ച വള്ളംകളി ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ ആദ്യ ആഴ്ചയിൽ നടത്താനാണ് സാധ്യത. മുൻപ് വെള്ളപ്പൊക്ക സമയത്തും കോവിഡ് സമയത്തും വള്ളംകളി മാറ്റിവച്ചിട്ടുണ്ട്.















