മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന നടത്തിയ 19 കാരന് 2 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിയുടെ വാക്കുകൾ 14 കാരി പെൺകുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേ പറഞ്ഞു.
ജൂലൈ 30ന് പുറപ്പെടുവിച്ച ഉത്തരവിൽ ഐപിസി പ്രകാരം പീഡനക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എന്നാൽ, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയില്ല. 2019 സെപ്റ്റംബറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ സക്കിനാക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചായപ്പൊടി വാങ്ങാൻ അടുത്തുള്ള കടയിലേക്ക് പോയ മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങി എത്തിയതെന്നും കാരണം തിരക്കിയപ്പോൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വെച്ച് ഒരാൾ തന്റെ കൈയിൽ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞതായി പെൺകുട്ടി അമ്മയോട് പറഞ്ഞതായും പരാതിയിൽ പറയുന്നു.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ യുവാവ് കുറ്റസമ്മതം നടത്തി. വിചാരണ വേളയിൽ പെൺകുട്ടിയും അമ്മയും ഉൾപ്പെടെ നാല് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. എന്നൽ പെൺകുട്ടിയും താനും പ്രണയബന്ധത്തിലായിരുന്നുവെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. ചായപ്പൊടി വാങ്ങാൻപോയ പെൺകുട്ടിയുടെ കയ്യിൽ കടന്നുപിടിച്ചതിലൂടെ ക്രിമിനൽ ബലപ്രയോഗം നടന്നതായി തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിയെ 2 വർഷത്തെ കഠിന തടവിന് വിധിക്കുകയായിരുന്നു.















