വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ മണിക്കൂറുകൾക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉൾപ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും സജീവ ഇടപെടലും സഹായവും ആദ്യമണിക്കൂറുകളിൽ തന്നെ ഉറപ്പാക്കിയതിന് പിന്നിലും ജോർജ് കുര്യന്റെ ഇടപെടൽ ഉണ്ടായിരുന്നു.
രണ്ട് ദിവസത്തിന് ശേഷവും ദുരന്തസ്ഥലങ്ങളിൽ തിരച്ചിൽ തുടരുമ്പോഴും അദ്ദേഹം വയനാട്ടിലെ അപകടമുഖത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും തിരച്ചിൽ സംഘങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയും രക്ഷാപ്രവർത്തനം നടത്തുന്ന മേഖലകളിൽ നേരിട്ടെത്തി വിലയിരുത്തിയും ഒരു സാധാരണക്കാരനായി വയനാടിന്റെ കണ്ണീരൊപ്പുകയാണ് ജോർജ് കുര്യൻ.
മുട്ടറ്റം ചെളി പുതഞ്ഞുകിടക്കുന്ന ദുരന്തഭൂമിയിൽ കാൽ മണ്ണിൽ പൂണ്ടുപോകാതിരിക്കാൻ വേണ്ടി മാത്രം ഒരു ഷൂ ധരിച്ച് ഉടുത്തിരിക്കുന്ന വെളളമുണ്ട് കാൽമുട്ടുവരെ തെറുത്തുകയറ്റി രക്ഷാപ്രവർത്തകർക്കൊപ്പം എല്ലായിടത്തും ജോർജ് കുര്യൻ എത്തുന്നു. ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം സേവാഭാരതി ഉൾപ്പെടെയുളള സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയും അദ്ദേഹം സജീവമാണ്.
മാദ്ധ്യമസംഘങ്ങളെ കൂടെക്കൂട്ടിയും ഓരോ മണിക്കൂറിലും വാർത്താചാനലുകളിൽ പ്രത്യക്ഷപ്പെട്ടുമല്ല അദ്ദേഹത്തിന്റെ പ്രവർത്തനം. അപകടത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കിയുളള അവസരോചിതമായ പ്രവർത്തനം. ജോർജ് കുര്യന്റെ അപകടമുഖത്തെ നിശബ്ദസേവനം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ പങ്കുവെച്ച കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
“മഴക്കാട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്. പേര് ജോർജ് കുര്യൻ. ദുരന്തമുണ്ടായതിന്റെ പിറ്റേന്നാൾ രാവിലെ മുതൽ എല്ലാറ്റിനും നേതൃത്വം നൽകി അദ്ദേഹം അവിടെയുണ്ട്. കരുണാമയനായ മുഖ്യമന്ത്രിയും, വയനാട്ടുകാർ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തയച്ച, വയനാട്ടുകാരെ നെഞ്ചോടു ചേർത്തുവെച്ച എം.പിയും ഭാവി വയനാട് എംപിയും ഇന്നെത്തുന്നുണ്ടത്രേ…. (അത്യുന്നതങ്ങളിൽ ‘കാലാവസ്ഥ’യ്‌ക്ക് സ്തുതി)” എന്നായിരുന്നു സദാനന്ദൻ മാസ്റ്ററുടെ പോസ്റ്റ്.
ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്ന ജോർജ് കുര്യന്റെ ചിത്രവും രാഹുലിന്റെയും മുഖ്യമന്ത്രിയുടെയും വരവിനെക്കുറിച്ചുളള പത്രവാർത്തകളും ഉൾപ്പെടുത്തിയായിരുന്നു സദാനന്ദൻ മാസ്റ്റർ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.