ന്യൂഡൽഹി: ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സൗത്ത് ഡൽഹിയിൽ സ്‌കൂൾ ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡൽഹിയിലെ സമ്മർ ഫീൽഡ് സ്കൂളിൽ നിന്നും കുട്ടികളെയും അദ്ധ്യാപകരേയും പൊലീസ് മാറ്റിപ്പാർപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30നാണ് ഇ-മെയിൽ ലഭിച്ചത്. ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.
ഇന്ന് രാവിലെ സ്‌കൂൾ തുറന്നതിന് ശേഷമാണ് ഇ-മെയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അധികൃതർ ഉടൻ തന്നെ പൊലീസിനെയും ജില്ലാ ഭരണകൂടത്തിനെയും വിവരമറിയിക്കുകയും സ്കൂൾ കെട്ടിടങ്ങളിൽ നിന്നും കുട്ടികളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇ-മെയിൽ കണ്ടതിനെ തുടർന്ന് 10 മിനിറ്റിനുള്ളിൽ വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി സ്കൂൾ പ്രിൻസിപ്പൽ ശാലിനി അഗർവാൾ പറഞ്ഞു. സ്‌കൂൾ പരിസരം ബോംബ് സ്‌ക്വാഡ് പരിശോധിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ബോംബ് ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനുമുൻപും ഡൽഹിയിലെ പല സ്‌കൂളുകൾക്കും ആശുപത്രികൾക്കും ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പിന്നീട് അന്വേഷണത്തിൽ ഇവ വ്യാജമാണെന്ന് തെളിയുകയായിരുന്നു.















