ന്യൂഡൽഹി: ഇസ്രായേൽ- ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഓഗസ്റ്റ് 8 വരെയുള്ള സർവീസുകളാണ് അടിയന്തരമായി റദ്ദാക്കിയതെന്ന് വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഓഗസ്റ്റ് 8 വരെയുള്ള കാലയളവിൽ ടെൽ അവീവിലേക്കുള്ള യാത്രയ്ക്കായി ബുക്കിങ് സ്ഥിരീകരിച്ച യാത്രക്കാർക്ക് സഹായം ഉറപ്പാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഇവർക്കായി റീഷെഡ്യൂളിംഗ്, ക്യാൻസലേഷൻ നിരക്കുകളിൽ ഒറ്റത്തവണ ഇളവ് എന്നിവ അനുവദിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പ്രധാനപ്പെട്ട നേതാക്കളെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷ സാധ്യത ഉടലെടുത്തത്. സിംഗപ്പൂർ എയർലൈൻസ്, തായ്വാൻ വിമാന കമ്പനികൾ, യുഎസ് , യൂറോപ്യൻ വിമാനകമ്പനികൾ മുതലായവയും ഇറാൻ, ലെബനൻ വ്യോമാതിർത്തി വഴിയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.















