തിരുവനന്തപുരം: വിശാൽ വധക്കേസിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്. ക്യാമ്പസ് ഫ്രണ്ട് തീവ്ര സ്വഭാവമുള്ള സംഘടനയല്ലെന്ന് വിശാൽ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ് അഖിൽ കോടതിയിൽ നൽകിയിരുന്നു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതിഭാഗത്തിന് അനുകൂലമായാണ് സാക്ഷി മൊഴി നൽകിയത്. വിശാൽ വധം നടക്കുമ്പോൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു അഖിൽ.
പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞതിനെ തുടർന്നാണ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സാക്ഷി കൂറുമാറിയതായി കണ്ട് വിശദമായ ക്രോസ് വിസ്താരം നടത്തിയത്. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് സമ്മതിച്ച സാക്ഷി, കണ്ണൂരിൽ സച്ചിനെ കൊലപ്പെടുത്തിയത് ക്യാമ്പസ്ഫ്രണ്ട് പ്രവർത്തകരല്ലേ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്. വിശാലിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നത് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അറിഞ്ഞില്ലെന്നും പ്രതികളായ നാസിം, ആസിഫ് തുടങ്ങിയവർ ഈ സംഘടനയുടെ പ്രവർത്തകരാണെന്നും സാക്ഷി കോടതിയിൽ പറഞ്ഞു.
ഡി വൈ എഫ് ഐ ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ് അഖിൽ. ഇടതുപക്ഷം പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിന്റെ തെളിവാണ് കോടതിയിലെ സാക്ഷി മൊഴി. ഇസ്ലാമിക ഭീകരതയെ ഇടതുപക്ഷം പിന്തുണക്കുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുമെന്നും കോടതിയിലെ സാക്ഷി മൊഴിയെന്ന് ഈശ്വരപ്രസാദ് പറഞ്ഞു. ഇടതുപക്ഷവും ഇസ്ലാമിക ഭീകരരും ക്യാമ്പസുകളിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഈ യു ഈശ്വരപ്രസാദ് കൂട്ടിച്ചേർത്തു.