ന്യൂഡൽഹി: ദിവ്യാംഗരായ കുട്ടികളുടെ അഭയ കേന്ദ്രത്തിൽ 20 ദിവസത്തിനിടെ മരണപ്പെട്ടത് 13 കുട്ടികൾ. ഡൽഹി സർക്കാർ നടത്തുന്ന അഭയ കേന്ദ്രത്തിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജനുവരി മുതൽ 27 കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരിക്കുന്നത്.
ഡൽഹി രോഹിണി മേഖലയിലെ ആശാ കിരൺ അഭയ കേന്ദ്രത്തിലാണ് സംഭവം. കുട്ടികളുടെ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളുവെന്നും മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്ക് നൽകുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലും റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
സംഭവത്തിൽ ആം ആദ്മി സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച ദേശീയ വനിതാ കമ്മീഷൻ സാഹചര്യം നേരിട്ട് മനസിലാക്കാൻ വസ്തുതാന്വേഷണ സംഘത്തെ അഭയകേന്ദ്രത്തിലേക്ക് അയച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹി ബിജെപിയുടെ സംഘവും ആശാ കിരൺ അഭയകേന്ദ്രം സന്ദർശിച്ചു.
“ഞങ്ങൾക്ക് ലഭ്യമായ വിവരമനുസരിച്ച് കുട്ടികൾക്ക് മലിനജലമാണ് കുടിക്കാൻ നൽകുന്നത്, അവർക്ക് ഭക്ഷണമോ ചികിത്സയോ ലഭിക്കുന്നില്ല,” ബി.ജെ.പി. മഹിളാ മോർച്ച വൈസ് പ്രസിഡൻ്റ് രേഖാ ഗുപ്ത ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.