ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിംഗ് സെന്ററിൽ വെള്ളം കയറി മൂന്ന് പേർ മുങ്ങിമരിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡൽഹിയിലെ രജീന്ദർ നഗറിലുള്ള കോച്ചിംഗ് സെൻ്ററിന്റെ ബേസ്‌മെൻ്റിൽ വെള്ളം കയറിയാണ് സിവിൽ സർവ്വീസ് പരീക്ഷയ്‌ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്.
സംഭവത്തിൽ പൊലീസിനെയും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനെയും (MCD) കോടതി രൂക്ഷമായി വിമർശിച്ചു. മഴവെള്ള ചാലുകൾ പ്രവർത്തനരഹിതമായതിനെക്കുറിച്ച് എംസിഡി ഉദ്യോഗസ്ഥർ കമ്മീഷണറെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു. എംസിഡി ഉദ്യോഗസ്ഥർ ഇത്തരം പ്രശ്നങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലെന്നും ഇതൊരു പതിവായി മാറിയിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.
സംഭവത്തിൽ എസ്‌യുവി ഡ്രൈവറെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ പ്രവർത്തിയെയും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. അവിടെ കാർ ഓടിച്ചതിന് എസ്‌യുവി ഡ്രൈവറെ അറസ്റ്റ് ചെയ്തത് പോലെ ഭാഗ്യത്തിന് നിങ്ങൾ ബേസ്‌മെന്റിൽ കയറിയ മഴവെള്ളത്തിന് നോട്ടീസ് അയച്ചില്ലല്ലോ എന്നായിരുന്നു കോടതിയുടെ പരിഹാസം.