അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വരണമെങ്കിൽ പ്രത്യേകം പണം വേണമെന്ന് ആവശ്യപ്പെട്ട തമിഴ് നടി അപർനദിക്കെതിരെ തുറന്നടിച്ച് പ്രമുഖ നിർമാതാവ് സുരേഷ് കാമാക്ഷി. നരകപ്പോർ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ വേദിയിലാണ് അതിഥിയായി എത്തിയ സുരേഷ് നടിയുടെ വിചിത്ര ഡിമാൻ്റുകളെക്കുറിച്ച് തുറന്നടിച്ചത്.
അപർനദി നായികയാവുന്ന ചിത്രമാണ് നരകപ്പോർ. ചെറിയ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ആര്യയുടെ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ താരമാണ് അപർനദി.
“അപർനദി ഇന്നത്തെ പ്രസ് മീറ്റിന് വന്നിട്ടില്ല. ഇതാെന്നും ഞാൻ ഇവിടെ പറയണമെന്ന് ഉദ്ദേശിച്ച കാര്യങ്ങളല്ല. ഈ പ്രവണത താരങ്ങളിൽ കൂടി വരുന്നു. പ്രൊമോഷണൽ പരിപാടിക്ക് വരണമെന്ന് ആവശ്യപ്പെട്ട് നിർമാതാവും ഞാനും അവരെ വിളിച്ചിരുന്നു.വരാനാവില്ലെന്നാണ് അവർ പറഞ്ഞത്. ഇല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ പ്രത്യേകം നൽകണമെന്നും ആവശ്യപ്പെട്ടു. വീണ്ടും റിക്വസ്റ്റ് ചെയ്തെങ്കിലും മൂന്നു നാല് കണ്ടീഷനുകൾ മുന്നോട്ട് വച്ചു. വേദയിൽ ആരൊക്കെ ഇരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും എനിക്ക് തുല്യരായവർക്ക് ഒപ്പമേ ഇരിക്കൂവെന്നും നടി ഡിമാൻ്റുകൾ വച്ചു. ഇതുകേട്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഫോൺ കട്ട് ചെയ്തു. നടികർ സംഘത്തിൽ ഒരുപരാതി നൽകി. എന്നാൽ ഇവർ അവിടുത്തെ അംഗമല്ല. സംവിധായകരുടെ സംഘടനയിൽ ചിത്രത്തിന്റെ സംവിധായകൻ വെട്രിയും പരാതി നൽകിയിട്ടുണ്ട്.
“രണ്ട് ദിവസത്തിന് ശേഷം എന്നെ ഇവർ വിളിച്ചു. സോറി സാർ, ആരെന്ന് അറിയാതെ സംസാരിച്ചതാണ് എന്നൊക്കെ പറഞ്ഞു. പ്രൊമോഷന് സഹകരിക്കാമെന്നും പറഞ്ഞു. സാരമില്ല. പടത്തെ പിന്തുണച്ചാൽ മതിയെന്ന് ഞാൻ മറുപടി നൽകി. എന്നാൽ അവർ എത്തിയില്ല. വിളിച്ചപ്പോൾ പരിധിക്ക് പുറത്തെന്നാണ് മറുപടി. തമിഴ് സിനിമയിൽ ഇത്തരക്കാരെ ആവശ്യമില്ല. നടി ഇനി പരിധിക്ക് പുറത്തുതന്നെ ഇരിക്കട്ടെ”- സുരേഷ് കാമാക്ഷി പറഞ്ഞു.