ലോക സിനിമയ്‌ക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 AD. ഇന്ത്യൻ സിനിമയിലെ മഹാത്ഭുതം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ചിത്രം. സിനിമയിൽ പ്രഭാസും അമിതാഭ് ബച്ചനും കമൽഹാസനും ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. സിനിമയുടെ വിവിധ മേഖലകളിൽ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. കൽക്കിയിലെ സ്റ്റോറി ബോർഡിൽ പ്രധാന പങ്കു വഹിച്ച ഒരു മലയാളിയാണ് വേണുഗോപാൽ. സിനിമയിൽ സുപ്രീം യാസ്കിൻ എന്ന കമൽഹാസൻ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വേണുഗോപാൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“പ്രഭാസും അമിതാഭ് ബച്ചനുമാണ് ഭൈരവയായും അശ്വത്ഥാത്മാവായും വേഷമിടുന്നതെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. അവർ തന്നെയാണ് ആ കഥാപാത്രങ്ങൾ ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഡിസൈൻ ചെയ്തത്. യാസ്കിൻ എന്ന കഥാപാത്രം ചെയ്യുന്നത് ആരെന്നായിരുന്നു ചർച്ച നടന്നത്. പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലിൽ ഒരാളെ കഥാപാത്രത്തിനായി വേണം”.
“ലാൽ സാറിന്റെ പേരാണ് അതിലേക്ക് ആദ്യം വന്നത്. മോഹൻലാലും കമൽ ഹാസനും ആയിരുന്നു ആ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. എന്തുകൊണ്ട് ചർച്ചയ്‌ക്ക് അവസാനം കമൽഹാസനെ തീരുമാനിക്കുകയായിരുന്നു. ഞങ്ങളൊക്കെ ലാൽ സർ വരുന്നു എന്നു പറഞ്ഞ് ആവേശത്തിൽ ആയിരുന്നു. മലയാളത്തിൽ വരുന്ന സിനിമകളെല്ലാം നാഗ് സർ കാണാറുണ്ട്. മലയാള സിനിമകളെല്ലാം അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ആവേശം അടക്കം അദ്ദേഹം തീയറ്ററിൽ പോയി കണ്ടിരുന്നു”- വേണുഗോപാൽ പറഞ്ഞു.