ഓരോ നാണയങ്ങളും തന്റെ കയ്യിൽ വരുമ്പോഴും ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങണമെന്നായിരിക്കും ആ കൊച്ചു മനസിലുണ്ടായിരുന്നത്. എന്നാൽ മിഠായികൾ വാങ്ങാതെ, തനിക്കിഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങാതെ നിറഞ്ഞ പുഞ്ചിരിയോടെ വയനാട്ടിലെ ദുരിത ബാധിതർക്കായി നന്ദിത് തന്റെ കുടുക്ക പൊട്ടിച്ചു. പണമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സേവാഭാരതിക്ക് കൈമാറി.
ചാന്നാനിക്കാട് സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് നന്ദിത്. തന്നെ പോലെ സ്‌കൂളുകളിലേക്ക് പോകേണ്ട കുഞ്ഞുങ്ങൾ, കളിച്ചു ചിരിച്ചു നടക്കേണ്ടവർ, ഇന്ന് മുഖത്തെ പുഞ്ചിരി മാഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണെന്ന യാഥാർത്ഥ്യം നന്ദിത് മനസിലാക്കി. അവർക്ക് തന്നെ കൊണ്ടാവുന്ന കൈത്താങ്ങ് ചെയ്യുന്നതായിരിക്കും, താൻ ആഗ്രഹിച്ച വസ്തുക്കൾ വാങ്ങുന്നതിനെക്കാൾ വിലപിടിപ്പുള്ളതെന്ന് അവന് അറിയാമായിരുന്നു.
കയ്യിലുണ്ടായിരുന്ന കുടുക്ക പൊട്ടിച്ച് ഓരോ നാണയങ്ങളും എണ്ണിതിട്ടപ്പെടുത്തി നന്ദിത് സേവാഭാരതിക്ക് കൈമാറി. രാഷ്‌ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് സേവാപ്രമുഖ് ആർ. രാജേഷാണ് ആ കൊച്ചു സമ്പാദ്യം ഏറ്റുവാങ്ങിയത്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നന്ദിതിന്റെ കൊച്ചു സമ്പാദ്യം കൈമാറുമെന്ന് സേവഭാരതി അറിയിച്ചു.















