കൊളംബൊ: ട്വിസ്റ്റും ടേൺസും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിംഗ് നിര പിടിച്ചുക്കെട്ടിയത്. സ്കോർ ശ്രീലങ്ക- 230/8, ഇന്ത്യ 230/10.കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക് വേണ്ടി ദുനിത് വെല്ലാലഗെ (65 പന്തില്‍ പുറത്താവാതെ 66),പതും നിസ്സങ്ക (56) എന്നിവർ ചേർന്നാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.24 റൺസെടുത്ത വാനിന്ദു ഹസരംഗയാണ് ലങ്കൻ നിരയിൽ മറ്റൊരു ടോപ് സ്കോറർ.
ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ നന്നായി തുടങ്ങിയ ഇന്ത്യ പിന്നീട് ഉത്തരവാദിത്തം മറക്കുകയായിരുന്നു. 47 പന്തിൽ 58 റൺസെടുത്ത നായകൻ രോഹിത് ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. മദ്ധ്യനിര അപ്പാടെ നിറം മങ്ങിയ മത്സരത്തിൽ ശിവം ദുബെ (25) -അക്സർ പട്ടേൽ(33) കൂട്ടുക്കെട്ടാണ് വിജയ പ്രതീക്ഷ നൽകിയത്.
ശുഭ്മാൻ ഗിൽ(16), വിരാട് കോലി(24), വാഷിംഗ്ടൺ സുന്ദർ(5), ശ്രേയസ് അയ്യർ (23) എന്നിവർ നിറം മങ്ങിയപ്പോൾ കെ.എൽ രാഹുൽ(31) ഭേദപ്പെട്ട പ്രകടം പുറത്തെടുത്തു.ജയിക്കാൻ ഒരു റൺസ് വേണ്ടപ്പോൾ ദുബെ വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അസലങ്കയാണ് താരത്തെ എൽബിയിൽ കുരുക്കിയത്.പത്താമനായെത്തിയ അർഷദീപ് നേരിട്ട ആദ്യ പന്തിൽ വമ്പൻ അടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു.കുൽദീപ് (2) ആണ് പുറത്തായ മറ്റാെരു ബാറ്റർ. 5 റൺസുമായി സിറാജ് പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ചരിത് അസലങ്കയും വാനിന്ദു ഹസരംഗയും ചേർന്നാണ് ഇന്ത്യയെ തളച്ചത്.ദുനിത് വെല്ലാലഗെ രണ്ടു വിക്കറ്റും നേടി കളിയിലെ താരമായി.