വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്. 4000ത്തോളം പാർട്ടി കൺവെൻഷൻ പ്രതിനിധികളുടെ ഇലക്ടറൽ വോട്ടിനായുള്ള ഏക സ്ഥാനാർത്ഥിയായിരുന്നു കമല ഹാരിസ്. മത്സരിക്കുന്നതിന് ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകളും കമല സ്വന്തമാക്കിയിട്ടുണ്ട്.
പാർട്ടി അദ്ധ്യക്ഷൻ ജെയ്മി ഹാരിസൺ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ നടക്കുന്ന ഷിക്കാഗോ കൺവെൻഷനിൽ ഔദ്യോഗികമായ പ്രഖ്യാപനം നടത്തും. അഞ്ച് ദിവസം നീളുന്ന വോട്ടെടുപ്പിന്റെ രണ്ടാം ദിനം തന്നെ ആവശ്യമായ വോട്ടുകൾ കമല ഹാരിസ് സ്വന്തമാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനി ആയതിൽ താൻ സന്തോഷിക്കുന്നുവെന്നാണ് കമല ഹാരിസ് ഇതിന് പിന്നാലെ പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രഖ്യാപനം ജോ ബൈഡൻ നടത്തി രണ്ടാഴ്ചകൾക്കുള്ളിൽ തന്നെ, പാർട്ടിയുടെ മേൽ പൂർണ നിയന്ത്രണം നേടാൻ കമല ഹാരിസിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തിന് പാർട്ടിക്കുള്ളിലും പൊതുവെ എതിർപ്പുകൾ കുറവായിരുന്നു. അടുത്തയാഴ്ചയോടെ തന്നെ കമല ഹാരിസ് പ്രചാരണം ആരംഭിക്കുമെന്നാണ് വിവരം. ഈ മാസം 19ന് നടക്കുന്ന പാർട്ടി കൺവെൻഷനിലാകും ഔദ്യോഗിക പ്രഖ്യാപനം.















