ഒരു നുകത്തിൽ ബന്ധിച്ച കാളകളെ പോലയൊണ് ചന്ദ്രനും ഭൂമിയും. ഒരാളുടെ ഓട്ടം അല്പമൊന്ന് പിഴച്ചാൽ പിന്നെ ആകെ പ്രശ്നമാകും. ഭൂമിയിൽ പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നവെന്നും ഇതിന് കാരണം ചന്ദ്രനാണെന്നും പുതിയ പഠനങ്ങൾ പറയുന്നു. വിസ്‌കോൺസിൻ-മാഡിസൺ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് സുപ്രധാന കണ്ടെത്തലിന് പിന്നിൽ.
ഭാവിയിൽ, ഭൂമിയിൽ ഒരു ദിവസത്തിന് 25 മണിക്കൂർ വരെ ദൈർഘ്യം ഉണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ടെങ്കിലും, അത് ചെറുതായി അകന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ചന്ദ്രൻ മുമ്പത്തെ അപേക്ഷിച്ച് 3.8 സെൻറീമീറ്റർ അകലെയാണ്. ചന്ദ്രൻ അകലുമ്പോൾ, ഭൂമി കറങ്ങുന്ന ഫിഗർ സ്‌കേറ്റർ( ഐസ് പാളികളിൽ വെച്ച് നടത്തുന്ന കായിക വിനോദം) പോലെയാണ്. അവർ കൈകൾ നീട്ടുമ്പോൾ വേഗത കുറയുന്നു, സർവകലാശാലയിലെ ജിയോസയൻസ് പ്രൊഫസറായ സ്റ്റീഫൻ മെയേഴ്സ് പറയുന്നു.
വിദൂര ഭൂതകാലത്ത് ചന്ദ്രൻ ഭൂമിയോട് ഇപ്പോഴുള്ളതിനേക്കാൾ വളരെ അടുത്തായിരുന്നു. അന്ന് ഭൂമിയിലെ ഒരു ദിവസത്തിന് 18 മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പഠനം പറയുന്നു. അതായത് 18 മണിക്കൂർ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ ചന്ദ്രന് കഴിഞ്ഞു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കൂടുന്നതിനനുസരിച്ച് ഭൂമിയിലെ പകലിന്റെ ദൈർഘ്യം വർദ്ധിച്ചു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ പ്രവർത്തനമാണ് ഇതിന് കാരണം. 200 കോടി വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂർ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര ജേണലായ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.















