വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ ആദ്യ മണിക്കൂറിൽ തന്നെ ദുരന്തഭൂമിയിൽ എത്തിയ ആളാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയത്. മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന അദ്ദേഹം രക്ഷാപ്രവർത്തകർക്ക് വേണ്ട മാർഗനിർദ്ദേശം നൽകി ഈ മണിക്കൂറുകളിലും അവിടെയുണ്ട്. അവകാശവാദങ്ങൾ ഒന്നും ഉന്നയിക്കാതെ ജോർജ് കുര്യന്റെ നിശബ്ദസേവനത്തെ കുറിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്.
“ആദ്യ ദിവസം ഞങ്ങൾ അങ്ങോട്ട് പോകുമ്പോൾ പല മാദ്ധ്യമങ്ങളും സമീപിച്ചെങ്കിലും അദ്ദേഹം ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞ ശേഷം സംസാരിക്കാം എന്നാണ് പറഞ്ഞത്. ഡൽഹിയിൽ ആയിരുന്ന ജോർജ് കുര്യനെ പ്രധാനമന്ത്രി നേരിട്ട് ചുമതല നൽകി പറഞ്ഞയച്ചതാണ്. ആദ്യ ദിവസം ഓരോ പതിനഞ്ച് മിനിറ്റ് ഇടവേളയിലും അദ്ദേഹത്തിന് അമിത് ഷായുടെ ഓഫീസിൽ നിന്നും ഫോൺ വരുന്നുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ പേരും ജോർജ് കുര്യൻ എന്നാണ്. കാര്യമൊക്കെ കഴിയുമ്പോൾ മറ്റു പലരും ക്രെഡിറ്റ് അടിച്ചെടുക്കാൻ വരും. അത് കൊണ്ട് പറഞ്ഞെന്ന് മാത്രം”, സന്ദീപ് വാര്യർ കുറിച്ചു.
ആദ്യ ദിവസം പ്രതീകൂല കാലാവസ്ഥയെ വകവയ്‌ക്കാതെയാണ് മന്ത്രി ദുരന്തഭൂമിയിൽ എത്തിയത്. കൊരിച്ചൊരിയുന്ന മഴയും ചെളിയും വഴിക്കലും വകവെയ്‌ക്കാതെ താത്കാലിക നടപ്പാലം വഴി അദ്ദേഹം മുണ്ടക്കൈയിൽ വരെ എത്തിയിരുന്നു. ധരിച്ചിരുന്നത് നൂറുരൂപയുടെ മഴക്കോട്ടും കാൽ ചെളിയിൽ പുതിഞ്ഞ് പോകാതിരിക്കാനുള്ള ഷൂസും മാത്രം. വയനാടിൽ ക്യാമ്പ് ചെയ്താണ് അദ്ദേഹം രക്ഷാപ്രവർത്തം ഏകോപിച്ചത്. ഇതിനിടയിൽ മാദ്ധ്യമങ്ങളുടെ അനാവശ്യ ചോദ്യങ്ങൾക്കൊന്നും അദ്ദേഹം പ്രതികരിച്ചില്ല. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉൾപ്പെടെ ബോധ്യപ്പെടുത്തി അതുവഴി സൈന്യത്തിന്റെയും സജീവ ഇടപെടലും സഹായവും ഉറപ്പാക്കിയതിന് പിന്നിലും ജോർജ് കുര്യൻ നിർണ്ണായക പങ്കാണ് വഹിച്ചത്.















