ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക സർക്കാർ. എക്സിലൂടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പിന്തുണ നൽകുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
കർണാടക സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാരമയ്യയെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു. കോൺഗ്രസ് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് വയനാട് മുൻ എംപി കൂടിയായ രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് കർണാടക സർക്കാരിന്റെ വാഗ്ദാനം. കർണാടകയുടെ അതിർത്തി ജില്ലയാണ് വയനാട്.
ദുരിത ബാധിതർക്ക് സഹായവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമാ, രാഷ്‌ട്രീയ മേഖലകളിൽ നിന്നും ധനസഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിത കുടുംബങ്ങൾക്ക് 150 വീടുകൾ നിർമിച്ച് നൽകുമെന്ന് നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ 14 വീടുകളും കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകളും നിർമിച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി ദുരിതബാധിരായ 15 കുടുംബങ്ങൾക്ക് നൽകുമെന്ന് അറിയിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ഒരു കോടി രൂപയും നൽകിയിട്ടുണ്ട്.















