ബംഗളൂരു: മൈസൂരു മുഡ ഭൂമി അലോട്ട്‌മെൻ്റ് അഴിമതിക്കേസിൽ, മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകുന്നതിന്റെ മുന്നോടിയായി കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.ആക്ടിവിസ്റ്റ് ടിജെ എബ്രഹാം ജൂലൈ 25ന് ഗവർണറെ കണ്ട് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി. ഇതനുസരിച്ചാണ് ഗവർണർ മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.
“നിങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളിൽ എന്തുകൊണ്ട് ഹരജിക്കാരന് പ്രോസിക്യൂഷന് അനുമതി നൽകരുത് എന്നതിന് അനുബന്ധ രേഖകൾ സഹിതം ഏഴ് ദിവസത്തിനകം മറുപടി സമർപ്പിക്കാൻ ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, ”ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സിദ്ധരാമയ്യയുടെ ഭാര്യക്ക് ചട്ടം മറികടന്ന് വിലകൂടിയ പ്ലോട്ടുകൾ നൽകിയെന്നാണ് ആക്ഷേപം.നേരത്തെ, മുഡ അഴിമതിയെക്കുറിച്ച് ഗെഹ്‌ലോട്ട് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കടുത്ത ആരോപണങ്ങൾ നേരിടുന്നതിനാൽ സിദ്ധരാമയ്യ മന്ത്രിസഭാ അധ്യക്ഷസ്ഥാനത്തുനിന്ന് പിന്മാറിയേക്കും എന്ന് വാർത്തകളുണ്ട്.
സിദ്ധരാമയ്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ബിജെപി-ജെഡിഎസ് പാർട്ടികൾ , സാമൂഹ്യ പ്രവർത്തകൻ ടിജെ എബ്രഹാം എന്നിവരിൽ നിന്ന് രാജ്ഭവന് നിവേദനം ലഭിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ് സൻഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രോസിക്യൂഷൻ അനുമതി തേടുന്നത്.
എന്നാൽകേന്ദ്രസർക്കാർ രാജ്ഭവനെ “ദുരുപയോഗം” ചെയ്തുവെന്ന് ആരോപിച്ച കർണ്ണാടക മന്ത്രിസഭ ഗവർണറുടെ നടപടിയെ അപലപിച്ചു. മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള ഗവർണറുടെ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നും ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങൾക്കനുസരിച്ച് ഗവർണർമാർ പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.
മുഡ കേസ് കൂടാതെ, കർണാടക മഹർഷി വാൽമീകി എസ്ടി വികസന കോർപ്പറേഷനിൽ നടന്ന അഴിമതിയുടെ പേരിൽ സിദ്ധരാമയ്യ ഭരണകൂടം ആടി ഉലഞ്ഞിരിക്കുകയാണ്.















