ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത് ‘അവിസ്മരണീയ ദിനം’ എന്ന് എംപി ശശി തരൂർ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വീഡിയോയ്‌ക്കൊപ്പം ചേർത്ത അടിക്കുറിപ്പാണ് വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നത്. ‘വയനാട്ടിലെ അവിസ്മരണീയമായ ഒരു ദിവസത്തിന്റെ ചില ഓർമ്മകൾ’ എന്നാണ് ശശി തരൂർ എക്സിൽ കുറിച്ചത്.
ഒരു മിനിറ്റും എട്ട് സെക്കൻഡുമുള്ള വീഡിയോയാണ് ശശി തരൂർ പങ്കുവച്ചത്. ദുരിതബാധിതർക്ക് അവശ്യവസ്തുക്കൾ ഇറക്കുന്നതും പിന്നാലെ ഉരുളെടുത്ത സ്ഥലങ്ങൾ സന്ദർശിക്കുന്നതും ക്യാമ്പുകളിൽ സന്ദർശനം നടത്തുന്നതുമാണ് വീഡിയോ. ജീവിതം വഴിമുട്ടിയവർക്ക് ആശ്വാസം പകരാനെത്തിയ വേളയിൽ ചിത്രീകരിച്ച വീഡിയോയാണ് പാട്ടും മേളവുമൊക്കെയായി കൊട്ടിഘോഷിക്കപ്പെടുന്നതെന്ന ചോദ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. അടിക്കുറിപ്പും ഇതിനെ സാധൂകരിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. ദാരുണമായ സംഭവത്തെ അവിസ്മരണീയമെന്ന പദത്തോട് ഉപമിച്ചതിനെ ഭൂരിഭാഗം പേരും എതിർക്കുകയാണ്.
ബിജിപി ഐടി സെൽ മേധാവി അമിത് മാളവ്യയും പോസ്റ്റിനെതിരെ രൂക്ഷമായി വിമർശിച്ചു. ‘മരണങ്ങളും ദുരന്തങ്ങളും ശശി തരൂരിന് അവിസ്മരണീയമാണെന്നാണ്’ അദ്ദേഹം പ്രതികരിച്ചത്. സംഭവം വിവാദമായതോടെ ‘അവിസ്മരണീയം’ എന്നതിന്റെ അർത്ഥം വിശദീകരിക്കാനുള്ള ശ്രമവും ശശി തരൂർ നടത്തി.
Some memories of a memorable day in Wayanad pic.twitter.com/h4XEmQo66W
— Shashi Tharoor (@ShashiTharoor) August 3, 2024