തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ എല്ലാവർക്കും സൗജന്യ റേഷൻ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിലെ ARD44 , 46 റേഷൻ കടകളിലെ ഗുണഭോക്താക്കൾക്കാണ് സൗജന്യ റേഷൻ നൽകുന്നത്.
ചൂരൽമല, മുണ്ടക്കൈ മേഖലയിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്കും റേഷൻ വിഹിതം പൂർണമായും സൗജന്യമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതമാണ് സൗജന്യമായി നൽകുക. നിലവിൽ മുൻഗണനാ വിഭാഗക്കാർക്ക് സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്.
അതേസമയം മുണ്ടക്കൈ, ചൂരൽമല,അട്ടമല മേഖലകളിൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർ നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിനിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.