തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പും നൽകിയിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ മുതലായവയ്ക്ക് സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പുയർന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാളെ കോഴിക്കോട്, കണ്ണൂർ, വയനാട് , കാസർകോഡ് ജില്ലകൾക്ക് യെല്ലോ അലർട്ട് നല്കിയിട്ടുണ്ട്. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. മൺസൂൺ പാത്തിയും സജീവമാണ്.