ലക്നൗ: കാറും ഡബിൾ ഡെക്കർ ബസും കൂട്ടിയിടിച്ച് 7 പേർക്ക് ദാരുണാന്ത്യം. ലക്നൗ – ആഗ്ര എക്‌സ്പ്രസ് വേയിൽ ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. റായ്ബറേലിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസും ലക്നൗവിലേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
60 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അതിൽ നാല് യാത്രക്കാർ മരിച്ചതായും 25 ഓളം പേർക്ക് പരിക്കേറ്റതായും സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ വർമ പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും വർമ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈ 31 ന് മഥുരാപൂർ പ്രദേശത്തെ ബറേലി ജില്ലയിൽ കാർ മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.















