ന്യൂഡൽഹി: പ്രശസ്ത നർത്തകിയും പത്മവിഭൂഷൺ ജേതാവുമായ ഡോ. യാമിനി കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തോടുള്ള അവരുടെ മികവും സമർപ്പണവും തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഡോ. യാമിനി കൃഷ്ണമൂർത്തിയുടെ വിയോഗ വാർത്ത വേദനയുളവാക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തോടുള്ള അവളുടെ മികവും സമർപ്പണവും തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. ഭാരതത്തിന്റെ സംസ്കാരത്തിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രതിഭയാണ് യാമിനി കൃഷ്ണമൂർത്തിയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. നമ്മുടെ പൈതൃകത്തെ സമ്പന്നമാക്കാൻ അവർ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. അവരുടെ കുടുംബത്തിനും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി”, പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
1940 ഡിസംബർ 20 ന് ആണ് യാമിനി കൃഷ്ണമൂർത്തി ജനിക്കുന്നത്. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികളിൽ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനി വഹിച്ച പങ്ക് വലുതാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന യാമിനി ശനിയാഴ്ച ഉച്ചയോടെ അന്തരിക്കുകയായിരുന്നു.