മനാമ : വയനാട്ടിലെ ദുരിതബാധിതരായ കുട്ടികൾക്ക് കോഴിക്കോട്ടുകാരുടെ സ്നേഹസ്പർശം. ബഹ്‌റൈനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായി വിവിധ തരം സാധനങ്ങളെത്തിച്ചത്. കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ ആളുകളാണ് സ്നേഹസ്പർശം എന്ന പേരിൽ വയനാട് ജില്ലാ ശിശുക്ഷേമ സമിതി കാര്യാലയത്തിന് വസ്തുക്കൾ നൽകിയത്.
കളിക്കോപ്പുകൾ, ചിത്രരചനാ പുസ്തകങ്ങൾ, കളർ പെൻസിലുകൾ തുടങ്ങിയ സാധനങ്ങളാണ് കൈമാറിയത്. ദുരന്തത്തിൽ ഒറ്റപെട്ട് പോയവരും ഉറ്റവർ നഷ്ടപ്പെട്ട് പോയവരുമായ കുട്ടികൾക്കായി ക്യാമ്പുകളിൽ ഒരുക്കിയ കുട്ടിയിടത്തിന് ആവശ്യമായ സാധനങ്ങളാണ് ഇവർ എത്തിച്ചത്. ഇത് കുട്ടികളുടെ മാനസിക സംഘർഷം കുറയ്‌ക്കാൻ വളരെയധികം പ്രയോജനകരമാകും.
പ്രകൃതി ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ചിന്തയിൽ ഇരിക്കുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അന്വേഷണവുമായി വരുന്ന പൊതുജനങ്ങളുടെ തിരക്കുകൾക്കിടയിൽ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് കുട്ടികളാണ്. സംഭവവുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ചോദ്യങ്ങളും കാഴ്ചകളും അവരെ കൂടുതൽ തളർത്തിയേക്കാം.
പേടിപ്പെടുത്തുന്ന രാത്രിയുടെ ഓർമകളിൽ നിന്നും ജനത്തിരക്കിൽ നിന്നും മാറി കുട്ടികൾക്ക് വിവിധ കളികൾ, ചിത്രരചന കളറിംഗ് ബുക്കുകൾ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. കൂടാതെ കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായുള്ള വിവിധ പരിപാടികളും കുട്ടിയിടത്തിൽ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ12 ക്യാമ്പുകളിലാണ് കുട്ടിയിടം ഒരുക്കിയിട്ടുള്ളത്.
കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ജനറൽ സെക്രട്ടറി പ്രജി, ട്രെഷറർ മുസ്തഫ കുന്നുമ്മൽ, ജോയിന്റ് സെക്രട്ടറി ശ്രീശൻ, അഷ്‌റഫ് എൻ കെ എന്നിവർ നേതൃത്വം നൽകി.