കൊൽക്കത്ത: വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ തൃണമൂൽ കോൺഗ്രസ് നേതാവ് അസഭ്യവർഷം നടത്തിയതിൽ അഖിൽ ഗിരിയോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ. വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടതിന് പിന്നാലെയാണ് ഗത്യന്തരമില്ലാതെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥയെ മന്ത്രി അഖിൽ ഗിരി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയോട് രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി പറഞ്ഞു. വനിതാ ഉദ്യോഗസ്ഥയോട് ക്ഷമാപണം നടത്താനും അഖിൽ ഗിരിക്ക് തൃണമൂൽ കോൺഗ്രസ് നിർദേശം നൽകി. ഇത്തരം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും തൃണമൂൽ ദേശീയ വക്താവ് ശാന്തനു സെൻ പറഞ്ഞു.
” വനിതാ ഉദ്യോഗസ്ഥയെ തൃണമൂൽ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉദ്യോഗസ്ഥയോട് മാപ്പ് പറയണമെന്നും രാജി വയ്‌ക്കണമെന്നും അഖിൽ ഗിരിയോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വനം വകുപ്പ് മന്ത്രി ബിർബഹ ഹൻസ്ദ, വനം വകുപ്പ് ഉദ്യോഗസ്ഥയോട് വിവരങ്ങൾ തിരക്കി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തൃണമൂൽ കോൺഗ്രസ് വച്ചുപൊറുപ്പിക്കില്ല.”- ശാന്തനു സെൻ പറഞ്ഞു.
ഇന്നലെയാണ് പൂർബ മേദിനിപൂർ ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥ മനീഷാ സാഹുവിന് നേരെ അഖിൽ ഗിരി അസഭ്യവർഷം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പശ്ചിമ ബംഗാൾ ബിജെപി ഘടകമാണ് പുറത്തുവിട്ടത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചതോടെ തൃണമൂൽ സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്.















