കൊളംബോ: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. 32 റൺസിനാണ് കരുത്തരായ ഇന്ത്യയെ ശ്രീലങ്ക വീഴ്‌ത്തിയത്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് പുറത്താവുകയായിരുന്നു. ജയത്തോടെ പരമ്പരയിൽ 1-0 മുന്നിലെത്താനും ലങ്കയ്‌ക്ക് സാധിച്ചു.
തുടർച്ചയായ രണ്ടാം മത്സരത്തിലും മധ്യനിരയുടെ പ്രകടനം മോശമായതോടെയാണ് ഇന്ത്യ തോൽവി ചോദിച്ചു വാങ്ങിയത്. 44 പന്തിൽ 64 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും വിരാട് കോലി(14), ശ്രേയസ് അയ്യർ (7), കെഎൽ രാഹുൽ (0), ശിവം ദുബെ (0) എന്നിവർ വീണ്ടും നിറംമങ്ങി.
35 റൺസ് എടുത്ത ഗില്ലും 44 റൺസ് എടുത്ത ഓൾറൗണ്ടർ അക്സർ പട്ടേലുമാണ് അല്പമെങ്കിലും പൊരുതിയത്. 33 റൺസ് വഴങ്ങി ഇന്ത്യയുടെ ആറു താരങ്ങളെ കൂടാരം കയറ്റിയ ജെഫ്രി വാന്‍ഡെര്‍സായി ആണ് ഇന്ത്യയെ തരിപ്പണമാക്കിയത്. ശ്രീലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്ക മൂന്നു വിക്കറ്റ് വീഴ്‌ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു 240 റണ്‍സെടുത്തത്.