ടെൽഅവീവ്: ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെ സംഘർഷം കുറയ്‌ക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങൾ നടത്താൻ ശ്രമിച്ച അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും നീക്കങ്ങൾ തള്ളി ഇറാൻ. ടെഹ്‌റാനിൽ ഉണ്ടായ ആക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയത്.
അറബ് രാജ്യങ്ങളിൽ നിന്നും പോരാട്ടം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്നും, ഇതിന് തുടർച്ചയായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ഇറാന് പുറമെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൗരന്മാരോട് ലെബനൻ വിടണമെന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
ഇതിനിടയിലാണ് സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നത്. അമേരിക്കയ്‌ക്ക് പുറമെ യുകെ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദാൻ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങൾ കടുപ്പിച്ചിരുന്നു. അതേസമയം തങ്ങൾക്കെതിരായ ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. തിന്മയുടെ മുഖങ്ങൾക്കെതിരെ ഇസ്രായേൽ പോരാടുകയാണെന്നും നെതന്യാഹു പറഞ്ഞു.