തൃശൂർ: വയനാട്ടിലെ ദുരിതബാധിതതർക്ക് സഹായഹസ്തവുമായി സേവാഭാരതി. ദുരിതത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി അദ്ധ്യക്ഷൻ ഡോ. രഞ്ജിത്ത് വിജയഹരി, ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ എന്നിവർ അറിയിച്ചു.
സേവാഭാരതിയുടെ തലചായ്‌ക്കാനൊരിടം പദ്ധതിയിലൂടെ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുനരധിവാസ പദ്ധതിക്കും, താമസയോഗ്യമായ സ്ഥലലഭ്യതക്കും വീടുകൾ നഷ്ടപ്പെട്ടവരുടെ താത്പര്യത്തിമനുസരിച്ചാകും നിർമ്മാണം. ഭൂഭാദം ശ്രേഷ്ഠ ദാനം പദ്ധതിയിലേക്ക് സ്ഥലം നൽകാനും സുമനസുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങളും സ്‌കോളർഷിപ്പും നൽകും. മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് സേവാഭാരതിയുടെ ബാല- ബാലികാ സദനങ്ങളിൽ താമസമൊരുക്കും. ദുരിതം വിതച്ച മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി വയനാട്ടിൽ പുനർജ്ജനി കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കും. സ്ഥിരം ജലശുദ്ധീകരണികൾ ഒരുക്കും. പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാനായി മരങ്ങളും വച്ചുപിടിപ്പിക്കുന്ന പദ്ധതികളും നടപ്പാകും. വരുമാനം നഷ്ടപ്പെട്ടവർക്ക് സ്വയം തൊഴിൽ സംവിധാനങ്ങൾ നേടാൻ നൈപുണ്യ പരിശീലനവും നൽകും.















