വയനാട്: 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചാലിയാർ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ദിശയിൽ കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും വനംവകുപ്പിന്റെ സഹായത്തോടെ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമല സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
“നേരിട്ടെത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ വനംവകുപ്പ് ഉദ്യോസ്ഥരുടെ സഹായത്തോടെ തെരച്ചിൽ നടത്തും. പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും ഉന്നത ഉദ്യോഗസ്ഥരുമായും നടന്ന ചർച്ചയിലാണ് തീരുമാനമായത്. 158 ശരീരഭാഗങ്ങളും 31 മൃതശരീരങ്ങളും ഇന്ന് തന്നെ സംസ്കരിക്കും. ആദ്യം മുഴുവനായുള്ള മൃതദേഹങ്ങൾ സംസ്കരിക്കും. അതിന് ശേഷം ശരീരഭാഗങ്ങൾ സംസ്കരിക്കും. ഓരോന്നിനും പ്രത്യേകം കുഴിയെടുത്ത് എല്ലാ ചടങ്ങുകളോടെയായിരിക്കും സംസ്കാരം നടക്കുക. മൂന്ന് മണി മുതൽ അതിനുള്ള കാര്യങ്ങൾ ചെയ്യും”.
“സർവ്വമത പ്രാർത്ഥന കൂടി നടക്കുന്നത് കൊണ്ട് കൂടുതൽ മൃതശരീരങ്ങൾ സംസ്കരിക്കാനുള്ള ആലോചനയിലാണ്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ളവർ ഇന്ന് ഉച്ചയോട് കൂടി തന്നെ ആശുപത്രിയിലെത്തി ഒരിക്കൽ കൂടി പരിശോധിക്കണം. 15 കഡാവർ നായകളെ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത്”.
എത്ര സമയമെടുത്താലും 189 മൃതദേഹവും ഇന്ന് തന്നെ സംസ്കരിക്കും. 180 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും തെറ്റാണ്. തെരച്ചിൽ അവസാനിപ്പിക്കില്ല. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ അവസാനഘട്ടത്തിലേക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു.