ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ( എംസിഡി) ആൾഡർമാന്മാരെ നാമനിർദേശം ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. 10 ആൾഡർമാൻന്മാരെ ലെഫ്റ്റനന്റ് ഗവർണർ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ആംആദ്മി പാർട്ടിയുടെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 10 ആൾഡർമാന്മാരെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം പാർലമെന്റ്, നിയമപരമായി ലെഫ്റ്റനന്റ് ഗവർണർക്ക് നൽകിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
സംസ്ഥാന മന്ത്രിസഭയുമായി ആലോചിക്കാതെയാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്ക് 10 ആൾഡർമാന്മാരെ നാമനിർദേശം ചെയ്തതെന്ന് ആംആദ്മിയുടെ ഹർജിയിൽ പറയുന്നു. എന്നാൽ 1993-ൽ ഭേദഗതി വരുത്തിയ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്ടിലെ സെക്ഷൻ 3(3)(b)(i) ആൾഡർമാനെ നിയമിക്കാൻ എൽജിക്ക് അധികാരം നൽകുന്നുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. നിലവിൽ എംസിഡിയിൽ 250 അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവരും 10 പേർ നാമനിർദേശം ചെയ്തവരുമാണ്.